PRAVASAM

ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണം; പുതിയ നയങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി അറേബ്യ; ഇന്ത്യക്കാരെ ബാധിക്കുമോ?

പുതിയ നയപ്രകാരം എല്ലാ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും സൗദി റിസപ്ഷനിസ്റ്റുകളെ തന്നെ നിയമിക്കണം.

Author : ന്യൂസ് ഡെസ്ക്

റിയാദ്: ടൂറിസം മേഖലയില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ കൂടുതല്‍ പുതിയ നയങ്ങളുമായി സൗദി അറേബ്യ. പുതിയ നയങ്ങള്‍ ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖത്തീബ് അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നയപ്രകാരം എല്ലാ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും സൗദി റിസപ്ഷനിസ്റ്റുകളെ തന്നെ നിയമിക്കണം. ജോലി ആരംഭിക്കുന്നതിന് മുമ്പ് മാനവ വിഭവ ശേഷി-സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴില്‍ എല്ലാ തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്തിരിക്കണം. അജീര്‍ പ്ലാറ്റ്‌ഫോം വഴിയോ മറ്റു അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആയിരിക്കണം തൊഴിലാളികളുടെ കോണ്‍ട്രാക്ടുകള്‍ ഡോക്യുമെന്റ് ചെയ്യേണ്ടത്.

സൗദിയുടെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായി തൊഴിലാളികളെ പുറത്ത് നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതും മറ്റു പദവികളിലേക്ക് മാറ്റുന്നതും നിലവില്‍ വിലക്കിയിട്ടുണ്ട്. ടൂറിസം മന്ത്രാലയമോ അംഗീകൃത സ്ഥാപനങ്ങളോ വഴി മാത്രമേ ഔട്ട് സോഴ്‌സിങ് അംഗീകരിക്കൂ.

പുതിയ മാറ്റം കൃത്യമായി നിരീക്ഷിക്കുകയും ലംഘനങ്ങള്‍ക്ക് പിഴയീടാക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി പൗരര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതിനുതകുന്നതാണ് പുതിയ നടപടിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതത് സര്‍ക്കാര്‍ ഏജന്‍സികളുമായി കൂടിയാലോചിച്ചാണ് പുതിയനയം വികസിപ്പിച്ചെടുത്തത്. സൗദി വിഷന്‍ 2030 നോട് അനുബന്ധിച്ച് രാജ്യത്തേക്ക് സ്വന്തം പൗരരുടെ സംഭാവന വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.

നിരവധി പേരാണ് ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമടക്കം സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. സൗദിയിലെ സ്വദേശി വല്‍ക്കരണം ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശങ്ക ഉയരുന്നുണ്ട്. സൗദിയില്‍ ആശുപത്രികളില്‍ അടക്കം നിരവധി മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കിയിരുന്നു.

SCROLL FOR NEXT