ദുബൈ: ഇന്ത്യൻ പാസ്‌പോർട്ട് സേവന ദാതാവായ ബിഎൽഎസിനെ ടെൻഡറുകളിൽ നിന്ന് വിലക്കി വിദേശകാര്യ മന്ത്രാലയം. രണ്ട് വർഷത്തേക്കാണ് വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, യുഎഇ ഉൾപ്പെടെ 19 രാജ്യങ്ങളിലെ ഇന്ത്യൻ വിസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
കമ്പനി നിലവിൽ കൈകാര്യം ചെയ്യുന്ന കരാറുകൾക്കൊന്നും ഈ നിർദേശം ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് വിലയിരുത്തുകയാണെന്നും നിയമപ്രകാരം യഥാസമയം അത് പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഎൽഎസ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 10 നാണ് ഇന്ത്യയിലോ വിദേശത്തോ ഉള്ള ഇന്ത്യൻ മിഷനുകൾ നൽകുന്ന പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിഎൽഎസിനെ വിലക്കുന്ന ഉത്തരവ് കമ്പനിക്ക് ലഭിക്കുന്നത്. ഇതോടെ പുതിയ കരാറുകൾ ഏറ്റെടുക്കുന്നതിൽ കമ്പനിയെ അയോഗ്യരാക്കി. എന്നാൽ യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് , വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്ന് കമ്പനിക്ക് ലഭിച്ച ഉത്തരവിൽ പറയുന്നുണ്ട്.
കോടതി കേസുകളും അപേക്ഷകരിൽ നിന്നുള്ള പരാതികളും ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കമ്പനിക്കെതിരായ വിശദമായ കണ്ടെത്തലുകൾ മന്ത്രാലയം പരസ്യമായി പങ്കുവെച്ചിട്ടില്ലെങ്കിലും, ബിഎൽഎസ് നിർദേശം അംഗീകരിക്കുകയും വിഷയം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്തു.
യുഎഇ, സൗദി അറേബ്യ, സ്പെയിൻ, പോളണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ഉൾപ്പെടെ 58 ഓഫീസുകൾ വഴി 19 രാജ്യങ്ങളിലെയും രണ്ട് അന്താരാഷ്ട്ര മിഷനുകളിലെയും സേവനം ബിഎൽഎസ് മുഖേന നടക്കുന്നുണ്ട്. വിസ, പാസ്‌പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ, ഇ-ഗവേണൻസ്, ബയോമെട്രിക് സേവനങ്ങൾ എന്നിവ നൽകിക്കൊണ്ട് പ്രതിവർഷം 1.7 ദശലക്ഷത്തിലധികം അപേക്ഷകൾ പ്രോസസ് ചെയ്യുന്നുണ്ടെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് ബിഎൽഎസിൻ്റെ സാമ്പത്തിക പ്രകടനത്തിലോ ദൈനംദിന പ്രവർത്തനങ്ങളിലോ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ബിസിനസ് അടിസ്ഥാന ഘടകങ്ങൾ ശക്തമായി തുടരുന്നുവെന്നും പ്രധാന ആഗോള വിപണികളിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് കമ്പനിയുടെ വാദം.