AI generated image  Source: Meta AI
PRAVASAM

എത്ര ശ്രമിച്ചിട്ടും യുഎഇയിൽ ഒരു ജോലി ലഭിക്കുന്നില്ലേ? അതിൽ AIയ്ക്കും പങ്കുണ്ട്!

മിഡിൽ ഈസ്റ്റിലെ തൊഴിലന്വേഷകരിൽ 84% പേരുടെയും അപേക്ഷകൾ അവഗണിക്കപ്പെടുന്നതായാണ് ആഗോള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ റോബർട്ട് വാൾട്ടേഴ്‌സിന്റെ സമീപകാല സർവേ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

യുഎഇയിൽ മികച്ച ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം. എന്നാൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ മറുപടിയൊന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയർന്നു കേൾക്കുന്നത്. ഭൂരിഭാ​ഗം പേരും നേരിടുന്ന ഒരു പ്രശ്നമാണിതെന്നാണ് ആഗോള റിക്രൂട്ട്‌മെന്റ് സ്ഥാപനമായ റോബർട്ട് വാൾട്ടേഴ്‌സിന്റെ സമീപകാല സർവേ പറയുന്നത്. ഇതുപ്രകാരം മിഡിൽ ഈസ്റ്റിലെ തൊഴിലന്വേഷകരിൽ 84% പേരുടെയും അപേക്ഷകൾ അവഗണിക്കപ്പെടുന്നതായാണ് കണക്കുകൾ. എന്താകും ഇതിൻ്റെ കാരണം?

വേ​ഗത്തിൽ ജോലി ലഭിക്കാനായി പ്രൊഫഷണലുകൾ കൂടുതലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സഹായം തേടുന്നതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതെന്നാണ് റിക്രൂട്ടർമാർ പറയുന്നത്. സർവേ പ്രകാരം, 59%-ത്തിലധികം ഉദ്യോഗാർഥികളും അവരുടെ സിവികളും കവർ ലെറ്ററുകളും സൃഷ്ടിക്കാൻ എഐ ടൂളുകളാണ് ഉപയോഗിക്കുന്നത്. ഇത് അപേക്ഷകൾ വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും, ഒരു സിവി എഐ നിർമിതമാണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നാണ് 67% തൊഴിലുടമകളും പറയുന്നത്. ഇത്തരത്തിലുള്ള എഐ ഉപയോ​ഗം കണ്ടെത്തുന്നത് അപേക്ഷകനിൽ നെഗറ്റീവ് ഇംപ്രഷൻ സൃഷ്ടിക്കുമെന്നും ഇതുപറയുന്നു.

എഐയുടെ ഉപയോ​ഗം പലപ്പോഴും തിരിച്ചടിയാണ് നൽകുന്നതെന്നാണ് റോബർട്ട് വാൾട്ടേഴ്‌സ് മിഡിൽ ഈസ്റ്റിലെ മാനേജിംഗ് ഡയറക്ടർ ജേസൺ ഗ്രണ്ടി പറയുന്നത്. "എഐ ഒരു കുറുക്കുവഴിയായാണ് തോന്നുക. അത് പലപ്പോഴും തൊഴിൽ അന്വേഷകർക്ക് തിരിച്ചടിയായേക്കും. ഒരു ഉദ്യോ​ഗാർഥിയുടെ ആധികാരികതയെയും അവരുടെ അനുഭവങ്ങളുടെ യഥാർഥ പ്രതിഫലനവുമാണ് തൊഴിലുടമകൾ ആ​ഗ്രഹിക്കുന്നത്" ജേസൺ ഗ്രണ്ടി പറയുന്നു.

എന്തുകൊണ്ടാണ് നിങ്ങൾക്ക് മറുപടി ലഭിക്കാത്തത്?

39% തൊഴിലന്വേഷകരും ആഴ്ചയിൽ 20+ അപേക്ഷകളാണ് സമർപ്പിക്കുന്നത്. ഇത് പലപ്പോഴും അപേക്ഷകളുടെ ഓവർലോഡ് സൃഷ്ടിക്കുന്നുണ്ട്. തൽഫലമായി നിയമനം മന്ദഗതിയിലായിട്ടുണ്ടെന്നാണ് 55% നിയമന മാനേജർമാരും അഭിപ്രായപ്പെടുന്നത്. കൂടാതെ പല ഉദ്യോഗാർഥികളും അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ലെന്നും ഇവർ പറയുന്നു. ഇത് യോഗ്യതയുള്ള അപേക്ഷകരെ പോലും നഷ്ടപ്പെടുത്തുന്നുണ്ട്. പല മാനേജർമാരും അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങൾ (എടിഎസ്) ഉപയോഗിച്ചാണ് സിവികൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ സിവികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മികച്ച സ്ഥാനാർഥികൾ അവഗണിക്കപ്പെടുന്നതായും ഇവർ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കമ്പനികൾ നിശബ്ദത പാലിക്കുന്നത് മാത്രമല്ല ജോലി ലഭിക്കുന്നതിൽ സങ്കീർണത സൃഷ്ടിക്കുന്നത്. ഉദ്യോഗാർഥികളിലെ ​ഗോസ്റ്റിങ് പ്രവണതയും ഇതിന് കാരണമാകുന്നുണ്ട്. തൊഴിലന്വേഷകർ കൂട്ടത്തോടെ അപേക്ഷ സമർപ്പിക്കുന്നതിനാൽ തന്നെ പലരും പകുതി വഴിയിൽ ഇതിനായുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുന്നതും കൂടുതലാണ്. തിരക്കിട്ടുള്ളതും, ലക്ഷ്യമില്ലാതെയുമുള്ള തൊഴിലന്വേഷണം ഒരിക്കലും ഉദ്യോ​ഗാർഥികളെ ലക്ഷ്യത്തിലെത്തിക്കില്ലെന്നാണ് ജേസൺ ഗ്രണ്ടി പറയുന്നത്.

ജോലി ലഭിക്കാനായി സിവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഓരോ ജോലിക്കും അനുയോജ്യമായ രീതിയിൽ നിങ്ങളുടെ സിവിയും കവർ ലെറ്ററും തയ്യാറാക്കുക.

2. സിവികൾ എഐ ഉപയോഗിച്ച് നിർമിക്കാതിരിക്കുക. അവ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയും അത് ജോലി ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തേക്കാം.

3. നിങ്ങളുടെ വ്യക്തിത്വവും കരിയർ ലക്ഷ്യങ്ങളും സിവിയിൽ എടുത്തുകാണിക്കുക. കഴിവുകൾക്ക് അനുയോജ്യമായ തസ്തികകൾക്ക് മാത്രം അപേക്ഷിക്കുക. ശ്രദ്ധിക്കുക പൂർണതയെക്കാൾ പ്രധാനം ആധികാരികതയാണ്.

4. ജോലിക്കായുള്ള അഭിമുഖത്തിന് ക്ഷണം ലഭിക്കുന്നതുവരെ അപേക്ഷയുമായി മുന്നോട്ട് പോകുക. ​ഗോസ്റ്റിങ് പ്രവണത പരമാവധി ഒഴിവാക്കുക. അത് നിങ്ങളുടെ അവസരങ്ങളെ ബാധിച്ചേക്കാം.

SCROLL FOR NEXT