രാജ്യത്ത് കൊടും ചൂട് തുടരുമ്പോഴും വ്യായാമം മുടക്കാതിരിക്കാൻ പുതിയ ആശയവുമായി യുഎഇ. ശീതീകരിച്ച ഷോപ്പിങ് മാളുകളിൽ ഇപ്പോൾ മാരത്തോൺ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്. യുഎഇയിൽ ഏറ്റവും ചൂടേറിയ മാസമായ ഓഗസ്റ്റിൽ ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ പിന്തുണയോടെ ഈ ആശയം അവതരിപ്പിച്ചത്.
റെക്കോർഡ് താപനില രേഖപ്പെടുത്തുന്ന വേനൽക്കാലത്ത് യുഎഇയിൽ പുറത്തിറങ്ങിയുള്ള വ്യായാമവും ഓട്ടവുമെല്ലാം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ, 'ദുബായ് മാളത്തോൺ' ടീ-ഷർട്ടുകളും സ്‌പോർട്‌സ് ഗിയറുകളും ധരിച്ച ആളുകൾ ഇപ്പോൾ മണിക്കൂറുകളോളമാണ് ഷോപ്പിങ് മാളുകളിൽ ഓടുന്നതിനും വ്യായാമം ചെയ്യുന്നതിനുമായി എത്തുന്നത്. നിരവധി ആളുകളാണ് മാളുകളിൽ ദിവസേന ഇതിനായി എത്തുന്നത്.
ഓഗസ്റ്റ് മാസത്തിലുടനീളം രാജ്യത്തെ ഒൻപതോളം ഷോപ്പിങ് മാളുകളിൽ മാളത്തോൺ നടത്താം. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റർ ദീവ, സിറ്റി സെന്റർ മിർദിഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെ ഒമ്പത് മാളുകളിൽ രാവിലെ ഏഴ് മണി തൊട്ട് പത്ത് മണി വരെയാകും മാളത്തോൺ നടത്താനാകുക.
വാരാന്ത്യങ്ങളിൽ മാളുകളിൽ 10 കിലോമീറ്റർ, 5 കിലോമീറ്റർ അല്ലെങ്കിൽ 2.5 കിലോമീറ്റർ ഓട്ടമത്സരങ്ങളിലും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങളും ലഭിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് താത്പര്യമുണ്ടാകുന്ന തരത്തിലുള്ള കായിക വിനോദങ്ങളും വാരാന്ത്യ മത്സരങ്ങളും നടക്കും.
ദുബായ് മാളത്തോണിൽ സൗജന്യമായി പങ്കെടുക്കാനാകും. www.dubaimallathon.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഡിജിറ്റൽ പാർട്ടിസിപ്പേഷൻ കാർഡും ലഭിക്കും.