വേനൽ ചൂട് കടുത്തതോടെ തൊഴിലാളി സുരക്ഷയ്ക്കായി ഉച്ച വിശ്രമം പ്രഖ്യാപിച്ച് ഒമാൻ. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇതുപ്രകാരം ഇളവ് ലഭിക്കുക. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുള്ള സമയത്ത് ജോലി ചെയ്യാണ പാടില്ലെന്നാണ് ഒമാൻ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നത്.
ചൂടുകാലത്തെ സമ്മർദത്തെക്കുറിച്ചും ഉച്ചസമയങ്ങളിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചും മനസിലാക്കുന്നതിന് വേണ്ടി തൊഴിൽ മന്ത്രാലയം ഒരു സുരക്ഷിത വേനൽക്കാല ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യമേഖല കമ്പനികളും ഈ നിയമം പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശം നൽകി.
കഴിഞ്ഞദിവസം ഒമാനിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടതോടു കൂടിയാണ് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഖുറായത്തിൽ 48.6°C ഉം, അൽ അഷ്കരയിൽ 47.2°C ഉം, സൂറും 46.4°C ഉം, അവാബിയിൽ 45.6°C ആണ് താപനില റിപ്പോർട്ട് ചെയ്തത്.
വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമാനിലെ നിരവധി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചൂട് കൂടുന്നതിനാൽ, അനുബന്ധ രോഗങ്ങൾ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ചൂട് കൂടുന്നതിന് അൻുസരിച്ച് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടരാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.