സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തമെന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐഎംഎഫ്. എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങൾ വികസിക്കുകയും, പണപ്പെരുപ്പം നിയന്ത്രിക്കുകയും, തൊഴിലില്ലായ്മ താഴ്‌ന്ന നിലയിലെത്തുകയും ചെയ്തതോടെയാണ് സൗദി ഈ നേട്ടം കൈവരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024-ൽ, എണ്ണ ഇതര യഥാർഥ ജിഡിപി 4.2 ശതമാനം വളർച്ച കൈവരിച്ചു. പ്രധാനമായും സ്വകാര്യ ഉപഭോഗവും എണ്ണ ഇതര സ്വകാര്യ നിക്ഷേപവുമാണ് ഇതിന് കാരണമായത്.
സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2024 ൽ ഉണ്ടായതിനെക്കാൾ 7 ശതമാനമായി കുറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മ നാല് വർഷത്തെ കാലയളവിൽ പകുതിയായി കുറഞ്ഞു. 2024 ൽ സ്വകാര്യ മേഖലയിലെ തൊഴിൽ ശരാശരി 12 ശതമാനം വർധിച്ചു. പൊതുമേഖലാ നിയമനങ്ങൾ മന്ദഗതിയിലായതും തൊഴിൽ രംഗത്തെ ശക്തിപ്പെടുത്തി.
വർധിച്ചുവരുന്ന അനിശ്ചിതത്വം, ആഗോള വ്യാപാര സംഘർഷങ്ങളുടെ വർധന, ആഴത്തിലുള്ള ഭൗമസാമ്പത്തിക വിഘടനം എന്നിവയാൽ ഉണ്ടാകുന്ന ദുർബലമായ എണ്ണയുടെ ആവശ്യകത എണ്ണ വരുമാനത്തെ മന്ദഗതിയിലാക്കിയേക്കാം.ഇത് ഉയർന്ന ധനക്കമ്മിയിലേക്കും കടത്തിലേക്കും കൂടുതൽ ചെലവേറിയ ധനസഹായത്തിലേക്കും നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സമീപകാല സാമ്പത്തിക വികസനങ്ങൾ സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ ആഘാതങ്ങളെ അതിജീവിക്കുന്നവയാണ് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. വാടക പണപ്പെരുപ്പം കുറയുന്നതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കപ്പെടുന്നു.