സൗദിയിലെ എല്ലാ ഭക്ഷണ ശാലകളിലും വിൽക്കുന്ന ഭക്ഷണ പദാർഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് ഉത്തരവിറക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. പ്രിൻ്റ് ചെയ്ത മെനുവിലും ഓൺലൈൻ മെനുവിലും ഭക്ഷണത്തിലെ ചേരുവകൾ വ്യക്തമാക്കണം. 2025 ജൂലൈ 1 മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി അറിയിച്ചു.
ഭക്ഷണശാലകളിൽ നിന്ന് കഴിക്കുമ്പോളും, ഓൺലൈനായി ഓർഡർ ചെയ്യുമ്പോളും ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാനാണ് പുതിയ ലേബലിങ് നിയമങ്ങൾ. സോഡിയത്തിൻ്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, ഓരോ ഇനത്തിലെയും കലോറി കത്തിച്ചുകളയാൻ ആവശ്യമായ ശാരീരിക പ്രവർത്തനത്തിന്റെ ഏകദേശ കണക്ക് എന്നിവ പരസ്യമാക്കണം. ഡിജിറ്റൽ മെനുവിലും ഇവ നിർബന്ധമായും പ്രദർശിപ്പിക്കണം.
ലോകാരോഗ്യ സംഘടനയുടെ (WHO) ആരോഗ്യ ശുപാർശകൾക്ക് അനുസൃതമായി, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും, സോഡിയത്തിന്റെയും കഫീന്റെയും ഉപഭോഗത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിനുമാണ് നിയന്ത്രണങ്ങളെന്ന് ഭക്ഷ്യ അതോറിറ്റി പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) ആരോഗ്യ ശുപാർശകൾ അനുസരിച്ച്, പ്രതിദിനം പരമാവധി അഞ്ച് ഗ്രാം ഉപ്പ് (ഏകദേശം ഒരു ടീസ്പൂൺ) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മുതിർന്നവർ400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കരുതെന്നും ഗർഭിണികൾ 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ നിർദേശിക്കുന്നു.