ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് കുവൈത്തിൽ ജൂൺ 26ന് പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ 1445 തുടങ്ങുന്നതിൻ്റെ ഭാഗമായാണ് അവധി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ശനി, ഞായർ ദിവസങ്ങളിലെ അവധി കൂടി ചേരുമ്പോൾ കുവൈത്തിൽ മൂന്ന് ദിവസം അവധി ലഭിക്കും. ജൂൺ 29 മുതലാകും മൂന്ന് ദിവസത്തെ അവധിക്ക് ശേഷം കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങൾ പുനരാരംഭിക്കുക. കുവൈത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് യുഎഇയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 27നാണ് യുഎഇയിൽ അവധി. യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ ദിവസം ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധിയായിരിക്കും. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ജൂൺ 27ന് ഹിജ്‌റ പുതുവത്സരത്തോട് അനുബന്ധിച്ച് ഒരു ദിവസത്തെ അവധി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ചുള്ള അവധിക്ക് ശേഷം ഈ വർഷം യുഎഇയിൽ രണ്ട് പൊതു അവധി ദിവസങ്ങൾ കൂടിയാണ് ഉണ്ടാകുക. പ്രവാചകന്റെ ജന്മദിനത്തിൻ്റെ അവധിയും, നാഷണൽ ഡേയുടെ അവധിയും. ഇവ എല്ലാ വർഷവും ഡിസംബർ 2, 3 തീയതികളിലാണ് ഉണ്ടാകുക.