ഏകീകൃത ടൂറിസം വിസ വൈകാതെ അവതരിപ്പിക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി. ഒറ്റ വിസയില്‍ ആറ് ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് യൂണിഫൈഡ് ടൂറിസം വിസയുടെ പ്രത്യേകത. ഈ വർഷം തന്നെ വിസ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണവും സംയോജനവും ശക്തിപ്പെടുത്തുന്നതിനായുള്ള നേതാക്കളുടെ കാഴ്ച്ചപ്പാടാണ് ഏകീകൃത വിസ പ്രതിഫലിപ്പിക്കുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസയെന്നും ജാസിം അല്‍ ബുദൈവി പറഞ്ഞു. ഇതിനായി മുന്‍കൈയ്യെടുത്ത ജിസിസി അംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
ഏകീകൃത വിസ നിലവില്‍ വന്നാല്‍, ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ ഒറ്റ വിസയില്‍ സന്ദര്‍ശനം നടത്താനാകും. ആറ് രാജ്യങ്ങളിലേക്കുമായി ഒറ്റത്തവണ അപേക്ഷ നല്‍കാനാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
2023 നവംബറില്‍ ഒമാനില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഏകീകൃത വിസ ഔദ്യോഗികമായി അംഗീകരിച്ചത്. യൂറോപ്പിലെ ഷെങ്കന്‍ വിസയ്ക്കു സമാനമായാണ് ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയും വരുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ വിപൂലീകരിക്കാനും ടൂറിസം പ്രോത്സാഹിപ്പിച്ച് അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.
മുപ്പത് മുതല്‍ തൊണ്ണൂറ് ദിവസമായിരിക്കും വിസയുടെ കാലാവധി. കുടുംബത്തിനെയും ഒപ്പം കൂട്ടാം എന്നതും ആറ് രാജ്യങ്ങളിലേക്കായി ആറ് തവണ വിസയ്ക്ക് അപേക്ഷിക്കേണ്ടെന്നതുമാണ് ഏകീകൃത വിസയുടെ പ്രത്യേകത.