യുഎഇയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ഹാക്ക് പരീക്ഷിക്കവെ ദാരുണമായി പൊള്ളലേറ്റ ഏഴു വയസുകാരി ജീവിതത്തിലേക്ക്. തന്റെ ഏഴാം പിറന്നാള്‍ ദിവസമാണ് മൗസ കസേബിന് ജീവിതത്തിലെ ആ വലിയ ദുരന്തം സംഭവിച്ചത്.
റാസ് അല്‍ ഖൈമയില്‍ നിന്നുള്ള മൗസയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചു മുതല്‍ വയര്‍ വരെ പൊള്ളി. മൗസ പരീക്ഷണം നടത്തിയത് തന്റെ കസിന്‍സിനൊപ്പമായിരുന്നു. ഇന്ന് അതില്‍ നിന്നെല്ലാം തിരിച്ചെത്തിയിരിക്കുകയാണ് കുഞ്ഞു മൗസയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൗസ പറഞ്ഞത് തനിക്ക് ''പിശാച് പാവ'' എന്ന ഗെയിം കളിക്കണമായിരുന്നു എന്നാണ്. ഒരു പാവയുടെ കണ്ണിലൂടെ തീ കത്തുന്ന വീഡിയോ കണ്ട് അതുപോലെ ശ്രമിക്കുകയായിരുന്നു മൗസയും കസിന്‍സുമെന്നാണ് മൗസയുടെ അമ്മ പറഞ്ഞത്.
ഏപ്രില്‍ 24നാണ് സംഭവം നടന്നത്. ഗെയിമിനായി അവര്‍ക്ക് ഒരു പാവയെ വാങ്ങി അത് കത്തിക്കണമായിരുന്നു. എന്നാല്‍ പരീക്ഷണത്തിനിടെ തീ മൗസയുടെ വസ്ത്രത്തിലേക്ക് പിടിച്ചു. ഞങ്ങളുടെ അടുത്തേക്ക് വരുന്നതിന് പകരം അവള്‍ പുറത്തേക്ക് ഓടി. ഉച്ചയ്ക്കായിരുന്നതിനാല്‍ ചൂടില്‍ അത് കൂടുതല്‍ കത്തിപടരുകയായിരുന്നുവെന്നും മൗസയുടെ അമ്മ പറഞ്ഞു.
ഉടന്‍ അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ ചികിത്സയില്‍ 66 ദിവസങ്ങളാണ് മൗസ ചെലവഴിച്ചതെന്നും അവരുടെ അമ്മ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.