അബുദാബി: മഴ ലഭിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാനം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് അര മണിക്കൂര്‍ മുമ്പ് മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്‌ക നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഒക്ടബോര്‍ 17 വെള്ളിയാഴ്ച യുഎഇയിലെ എല്ലാ പള്ളികളിലും ജുമുഅക്ക് അര മണിക്കൂര്‍ മുമ്പേ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും. പ്രവാചകന്‍ മുഹമ്മദിന്റെ ചര്യ പിന്തുടര്‍ന്നാണ് മഴയ്ക്കായുള്ള പ്രാര്‍ത്ഥന. ഗള്‍ഫ് രാജ്യങ്ങളില്‍ മഴ വൈകിയാല്‍ ഈ പ്രാര്‍ത്ഥനയും പതിവാണ്.
കഴിഞ്ഞ ഡിസംബറിലും മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യങ്ങളിലോ വരണ്ട കാലാവസ്ഥ തുടരുമ്പോഴോ ആണ് സാധാരണയായി പ്രസിഡന്റ് ഇത്തരം ആഹ്വാനം ചെയ്യാറ്.
അതേസമയം, യുഎഇയിലെ ചില ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് രാത്രി ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് ചെറിയ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയുടെ കിഴക്കന്‍ മേഖലകളിലും (അല്‍ ഐന്‍, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാനും പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.