നവംബർ 3ന് യുഎഇ ഫ്ലാഗ് ഡേ ആഘോഷിക്കുന്നതോടനുബന്ധിച്ച് എല്ലാ പൗരന്മാരോടും താമസക്കാരോടും സ്ഥാപനങ്ങളിലും ഫ്ലാഗ് ഉയർത്തണമെന്നാവശ്യപ്പെട്ട് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. രാവിലെ 11 മണിക്ക് ഫ്ലാഗ് ഉയർത്താനാണാവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തം നാടിനോടും അതിൻ്റെ നേതൃത്വത്തോടുമുള്ള വിശ്വസ്തതയും കാണിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നതെന്നും യുഎഇയുടെ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയും കൂടിയായ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
പതാക ദിനം മുതൽ 2025 ഡിസംബർ 2 ന് ഈദ് അൽ ഇത്തിഹാദ് വരെ ഒരു മാസം നീണ്ടു നിൽക്കുന്ന യുഎഇയുടെ ദേശീയ ആഘോഷങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പ്രഖ്യാപനം
ദേശീയതയെ മുൻനിർത്തി യുഎഇയിലെ കടകളിലും വീടുകളിലും തെരുവുകളിലുമെല്ലാം ഈ ദിവസം പതാകകൾ ഉയരും. പതാക പ്രദർശിപ്പിക്കുമ്പോൾ ദേശീയ ചിഹ്നത്തെ ബഹുമാനിക്കുന്നതും അതോടൊപ്പം തന്നെ പ്രധാനമാണ്. പതാക ഉയർത്തുന്നതിന് മുമ്പ് അതിൽ കേടുപാടുകളോ, മങ്ങലോ, കീറലോ ഇല്ലെന്നും ഉയർത്തുന്നവർ ഉറപ്പാക്കണം. ഒരു തെരുവിൻ്റെ മധ്യത്തിലാണ് പതാക തൂക്കിയിടുന്നതെങ്കിൽ ചുവന്ന ഭാഗം മുകളിലേക്കും മറ്റ് മൂന്ന് നിറങ്ങൾ താഴേക്കും വരുന്ന രീതിയിൽ അത് തൂക്കിയിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.