Source: News Malayalam 24X7
PRAVASAM

പരിശീലിപ്പിച്ചതും മത്സരിച്ചതും മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ; റോബോട്ടിക് ഒളിംപിക്സിൽ യുഎഇക്ക് നേട്ടം

ടീമിന്റെ ഔദ്യോഗിക പരിശീലന പങ്കാളിയെന്ന റോൾ വഹിച്ചത് ഈ വിദ്യാർഥികളെ പരിശീലിപ്പിച്ച യുണീക് വേൾഡ് റോബോട്ടിക്സ് ആണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റോബോട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽ യുഎഇക്കു സ്വർണം നേടിക്കൊടുത്ത് മലയാളി സ്റ്റാർട്ടപ്. യുഎഇ ടീമംഗങ്ങൾ മുഴുവൻ ഇന്ത്യക്കാർ. കൂട്ടത്തിൽ രണ്ടു മലയാളികളും. മലയാളി സ്റ്റാർട്ടപ്പായ യുണീക് വേൾഡ് റോബോട്ടിക്സാണു റോബോട്ടിക് ഒളിംപിക്സിൽ ദുബായിയുടെ നേട്ടത്തിനു പിന്നിൽ. മൂന്ന് ദിവസങ്ങളിലായി പനാമയിൽ നടന്ന റോബോട്ടിക് ഒളിംപിക്സിൽ 193 രാജ്യങ്ങളിലെ ടീമുകളോടു മത്സരിച്ചാണ് ഇന്ത്യൻ വിദ്യാർഥികളടങ്ങിയ ദുബായ് ടീം സ്വർണം നേടിയത്. ടീമിന്റെ ഔദ്യോഗിക പരിശീലന പങ്കാളിയെന്ന റോൾ വഹിച്ചത് ഈ വിദ്യാർഥികളെ പരിശീലിപ്പിച്ച യുണീക് വേൾഡ് റോബോട്ടിക്സ് ആണ്.

പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയായ ബൻസൻ തോമസ് ജോർജ് 2019ൽ ആരംഭിച്ച, കൊച്ചി ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സിനു ദുബായിലും ബ്രാഞ്ച് ഉണ്ട്. ഇവിടെ പരിശീലനം നേടിയ എട്ടു വിദ്യാർഥികളാണു യുഎഇ ടീമിനായി മത്സരിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു നേട്ടം കൊയ്യുന്നതിന്റെ ഉദാഹരണമാണു യുണീക് വേൾഡിന്റെ നേട്ടം.

തിരുവനന്തപുരം സ്വദേശികളായ ആനന്ദ് സദാശിവ അയ്യര്‍, വിദ്യ കൃഷ്ണൻ എന്നിവരുടെ മകനായ ആദിത്യ ആനന്ദ്, ഡോ. ബിനോയ് വടക്കേനെല്ലിശ്ശേരി, ഡോ. നീതു രാധാകൃഷ്ണ പിള്ള എന്നിവരുടെ മകളായ ശ്രേയ ബിനോയ് നായർ എന്നിവരാണു ടീമിലെ മലയാളികൾ. ന്യൂ മിലേനിയം സ്കൂൾ വിദ്യാർഥിയാണ് ആദിത്യ, ജെംസ് മോഡേൺ അക്കാദമിയിലെ വിദ്യാർഥിയാണ് ശ്രേയ.ആരുഷ് പാഞ്ചോലി ക്യാപ്റ്റനായ ടീമിൽ ദുബായ് കോളജ്, ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബായ് ഇന്റർനാഷനൽ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർഥികളും അഗങ്ങളായിരുന്നു. പരിശീലകരിലൊരാളായ മുഹമ്മദ് മുക്താറും മലയാളിയാണ്.

ഇന്റർനാഷനൽ ഫസ്റ്റ് കമ്മിറ്റി അസോസിയേഷൻ 2016 മുതൽ വർഷം തോറും സംഘടിപ്പിക്കുന്ന റോബോട്ടിക്സ് മത്സരമാണു ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് അഥവാ സ്റ്റെം വിദ്യാഭ്യാസം വഴി ആഗോള വെല്ലുവിളികളെ നേരിടാൻ യുവത്വത്തിന്റെ ബുദ്ധിപരമായ കഴിവുകൾ സംയോജിപ്പിക്കുകയാണ് ലക്ഷ്യം. ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്തിന്റെ പേരിലുള്ള ഫ്രെഡ് സ്മിത്ത് ഗ്ലോബൽ ഇന്നവേറ്റർ അവാർഡിനാണു യു.എ.ഇ ടീം അർഹരായത്. ടീമിനെ വിജയത്തിലേക്കു നയിച്ച പ്രോജക്റ്റ്, യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിൻ്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു.

"ഗാഫ് മരം പോലെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും ജീവിവർഗ്ഗങ്ങളെയും സംരക്ഷിക്കാൻ രൂപകൽപന ചെയ്ത ഒരു ബയോപ്രിസർവേഷൻ സിസ്റ്റം (സ്റ്റാഷ്)" ആണു യുഎഇ ടീം അവതരിപ്പിച്ചത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ സംരംക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് 'സ്‌റ്റാഷ്' എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട്. സസ്യ-ജന്തുജാലങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ അത് വ്യാപിക്കാൻ അനുവദിക്കാതെ മൂന്നോ അഞ്ചോ ദിവസത്തേക്ക് കൂടി നിലനിർത്തി നശീകരണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എ.ഐ സാങ്കേതികവിദ്യയും സോഡിയം ആൽജിനേറ്റ് ഹൈഡ്രോജെൽസും ഉപയോഗിച്ച് നി‍മിക്കുന്ന പോർട്ടബിൾ മുത്തുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ചിലവിൽ ഇവ നിര്‍മിക്കാൻ കഴിഞ്ഞുവെന്നതും ടീമിൻ്റെ നേട്ടമാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർമാർ എന്നിവർക്കു മുൻപിൽ പ്രോജക്റ്റ് അവതരിപ്പിച്ചു വിജയിക്കാൻ കഴിഞ്ഞത് തുടർപ്രവർത്തനങ്ങൾക്കു ശക്തി പകരുമെന്ന് യുണീക് വേൾഡ് റോബോട്ടിക്സ് സ്ഥാപകൻ ബൻസൺ തോമസ് ജോർജ് പറഞ്ഞു.

SCROLL FOR NEXT