Federal Authority for Identity, Citizenship, Customs and Port Security Source: ICP
PRAVASAM

ആജീവനാന്ത ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ച് ഐസിപി

അതോറിറ്റിയുടെ വെബ്‌സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷനിലും ഇത്​ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമാണ്

Author : ന്യൂസ് ഡെസ്ക്

ചില രാജ്യക്കാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വീസ അനുവദിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി. ഗോൾഡൻ വിസയുടെ വിഭാഗങ്ങൾ, വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ എന്നിവ ഔദ്യോഗിക നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും അനുസരിച്ച്​ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും ഐസിപി വ്യക്തമാക്കി. ചില പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങളും വെബ്​സൈറ്റുകളും ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് അധികൃതർ സ്ഥിരീകരണവുമായി എത്തിയത്.

അതോറിറ്റിയുടെ വെബ്‌സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷനിലും ഇത്​ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമാണ്​. എല്ലാ ഗോൾഡൻ വീസ അപേക്ഷകളും യുഎഇയിലെ ഔദ്യോഗിക സർക്കാർ​ ചാനലുകൾ വഴി മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷാ നടപടികളിൽ രാജ്യത്തിനകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഒരു കൺസൾട്ടൻസി സ്ഥാപനത്തിനും അംഗീകാരം നൽകിയിട്ടില്ലെന്നും പ്രസ്താവന വ്യക്​തമാക്കി.

എല്ലാവർക്കും ആജിവനാന്ത ഗോൾഡൻ വിസ എളുപ്പത്തിൽ ലഭിക്കുമെന്നായിരുന്നു വിദേശത്ത് പ്രവർത്തിക്കുന്ന കൺസൾട്ടിങ് ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൻ്റെ അവകാശവാദം.​ വാർത്താകുറിപ്പിലെ അവകാശവാദങ്ങൾക്ക് നിയമ സാധുതയില്ലെന്ന്​ അധികൃതർ വ്യക്തമാക്കി​.

യുഎഇയിൽ താമസിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ട്​ തെറ്റായ വിവരം പ്രചരിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. തെറ്റായ അവകാശവാദങ്ങളുമായി സമീപിക്കുന്നവർക്ക് പണമോ, രേഖകളോ കൈമാറരുതെന്നും ഔദ്യോഗിക വിവരങ്ങൾ അതോറിറ്റിയുടെ വെബ്​സൈറ്റിലും 600522222 എന്ന നമ്പറിലും ലഭ്യമാണെമെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT