റെന്ന ഓ റൂ‍ർക്കി Source: Facebook/ Aaron O'Rourke
SOCIAL

വൈറൽ ചലഞ്ചിന് പിന്നാലെ ഹൃദയാഘാതം, മരണം; എന്താണ് 19കാരിയുടെ മരണത്തിന് ഇടയാക്കിയ 'ഡസ്റ്റിങ് ചലഞ്ച്'?

ഈ ചലഞ്ച് ക്രോമിങ്, ഹഫിങ് എന്നീ പേരുകളിലും അറിയിപ്പെടുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയ ട്രെൻഡുകൾ കുറച്ചു സമയത്തിനുള്ളിൽ തന്നെ ചിലപ്പോൾ വൈറലാകാറുണ്ട്, ചിലപ്പോഴൊക്കെ അവ മാരകമായും മാറാറുണ്ട്. യുഎസിലെ അരിസോണയിൽ ആളെക്കൊല്ലി ഡസ്റ്റിങ് ചാലഞ്ച് ചെയ്ത് 19കാരി മരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം തിരയുന്നത് എന്താണ് ഈ ചാലഞ്ച് എന്നാണ്.

എന്താണ് യഥാ‍ർഥത്തിൽ ഡസ്റ്റിങ് ചാലഞ്ച്?

കീബോ‍ർഡ് ക്ലീനിങ് സ്പ്രേകളിൽ നിന്നുള്ള കംപ്രസ് ചെയ്ത വായു ശ്വസിക്കുന്നതാണ് ഡസ്റ്റിങ് ചലഞ്ച്. ടിക്‌ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഈ ചലഞ്ച് പ്രചാരം നേടിയത്. ചലഞ്ച് ഏറ്റെടുത്ത് ഉപയോക്താക്കൾ എയറോസോൾ പ്രൊപ്പല്ലന്റുകൾ ശ്വസിക്കുന്നത് സ്വയം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ചിൻ്റെ രീതി. ഓൺലൈനിൽ ജനശ്രദ്ധ ആക‍ർഷിക്കാനും വ്യൂസ് കൂട്ടുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ചലഞ്ചുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചലഞ്ച് ക്രോമിങ്, ഹഫിങ് എന്നീ പേരുകളിലും അറിയിപ്പെടുന്നുണ്ട്.

ഡസ്റ്റിങ് ചലഞ്ചിൻ്റെ ആരോ​ഗ്യപ്രശ്നങ്ങൾ

ഡസ്റ്റിങ് ചലഞ്ചും സമാനമായ ചലഞ്ചുകളും വലിയ ആരോ​ഗ്യ പ്രശ്നങ്ങളാണ് ആളുകളിൽ ഉണ്ടാക്കുകയെന്ന് ആരോ​ഗ്യവിദ​ഗ്ധ‍ർ പറയുന്നു. ഡസ്റ്റിങ് ചലഞ്ചുമായി ബന്ധപ്പെട്ട ഏറ്റവും ​ഗുരുതരമായ അപകടം, സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രം ആണ്. അത് കംപ്രസ് ചെയ്ത വായു ശ്വസിക്കുന്നതോടെ ഹൃദയമിടിപ്പ് നിലച്ച് പോകുന്ന തരത്തിലാണ് ഇതിൻ്റെ അപകടാവസ്ഥ. അതാണ് അരിസോണയിലെ 19കാരിക്ക് സംഭവിച്ചത്. ഇത് ഉടനടിയുണ്ടായേക്കാവുന്നതോ, ദീർഘകാലത്തേക്കുള്ളതോ ആയ പ്രതികൂല ആരോ​ഗ്യാവസ്ഥയ്ക്ക് കാരണമാകും. മനസിനെയും ശരീരത്തിനെയും ഇത് ബാധിക്കും.

അരിസോണയിലെ 19കാരിയുടെ മരണം

ഡസ്റ്റിങ് ചലഞ്ചിനെ തുട‍ർന്ന് അരിസോണ സ്വദേശി 19കാരി റെന്ന ഓ റൂ‍ർക്കിയാണ് മരിച്ചത്. റെന്നയും ആൺസുഹൃത്തും അവരറിയാതെ എയറോസോൾ കീബോർഡ് ക്ലീനർ ഓർഡർ ചെയ്തുവെന്ന് അവളുടെ മാതാപിതാക്കൾ പറയുന്നു. കീബോർഡ് ക്ലീനർ ശ്വസിച്ചതിനെത്തുടർന്ന്, റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ഐസിയുവിൽ ഒരാഴ്ച അബോധാവസ്ഥയിൽ കിടന്ന്, പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

SCROLL FOR NEXT