
ഇന്നത്തെ കാലത്ത്, എഐ ജനറേറ്റഡ് വീഡിയോകൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ചിലത് വളരെ ജീവസുറ്റതായതിനാൽ യാഥാർഥ്യത്തെയും ഫിക്ഷനെയും വേർതിരിച്ചറിയൽ വളരെ പ്രയാസമാണ്. ഒരു ഇന്ത്യൻ തെരുവിൽ ഉറങ്ങിക്കിടക്കുന്ന ആളെ ഒരു സിംഹം അടുത്തെത്തി മണം പിടിച്ച ശേഷം ആക്രമിക്കാതെ നടന്നുപോകുന്ന വൈറൽ വീഡിയോ അടുത്തിടെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
അതിന് ശേഷം ഇന്റർനെറ്റിൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾ നിറഞ്ഞിരുന്നു. ഇത് യഥാർഥമാണോ അതോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്നതായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ 7 ദശലക്ഷം വ്യൂസാണ് നേടിയത്.
എന്നാൽ, ഇപ്പോൾ ഐഎഫ്എസ് പർവീൻ കസ്വാൻ ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ ആശയക്കുഴപ്പത്തിലാക്കാനോ എഐ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് വീഡിയോ ഉയർത്തുന്നത്. എഐ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നതാണ് അതിൽ ആശങ്കാജനകമായ പ്രധാന കാര്യം.
നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. കമന്റിൽ ചിലർ വീഡിയോ കണ്ട് അത്ഭുതപ്പെട്ടു, മറ്റുള്ളവർ ഐഎഫ്എസിനോട് എഐ ജനറേറ്റഡ് വീഡിയോകളും യഥാർഥ വീഡിയോകളും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാമെന്ന് ചോദിക്കുന്നുണ്ട്. "അറിയിച്ചതിന് നന്ദി. ഞാനും ആശയക്കുഴപ്പത്തിലായിരുന്നു, അത് ആളുകൾക്ക് അയയ്ക്കാൻ പോവുകയായിരുന്നു!" എന്നാണ് വീഡിയോക്ക് താഴെ വന്ന മറ്റൊരു കമൻ്റ്.