പ്രതീകാത്മക ചിത്രം Source: Chat gpt
SOCIAL

തുടക്കം ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെ; നാല് സ്ത്രീകളുമായി ചാറ്റിങ്; മുംബൈയിൽ 80കാരന് നഷ്ടമായത് ഒൻപത് കോടി രൂപ!

സ്നേഹത്തിൻ്റെയും സഹാതപത്തിൻ്റേയും പേരിലാണ് വമ്പൻ തട്ടിപ്പ് നടന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: രണ്ട് വർഷത്തോളം നീണ്ട സൈബർ തട്ടിപ്പിനൊടുവിൽ 80കാരന് നഷ്ടടമായത് ഒൻപത് കോടിയോളം രൂപ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയും പിന്നാലെയെത്തിയ മൂന്ന് പേരും ചേർന്നാണ് വൃദ്ധനെ പറ്റിച്ചത്. ഈ നാലുപേരും ഒരാള്‍ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ഏകദേശം 734 ഓണ്‍ലൈന്‍ ഇടപാടുകൾ ഇയാൾ നടത്തിയാണ് ഒൻപത് കോടിയോളം പണം തട്ടിയെടുത്തത്.

സ്നേഹത്തിൻ്റെയും സഹാതപത്തിൻ്റേയും പേരിലാണ് വമ്പൻ തട്ടിപ്പ് നടന്നത്. 2023ൽ വന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റാണ് സംഭവങ്ങളുടെ തുടക്കം. ഫേസ്ബുക്കിൽ കണ്ട ഷർവി എന്ന അക്കൗണ്ടിലേക്ക് 80കാരൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പരസ്പരം അറിയാത്തതിനാൽ തന്നെ ഇയാളുടെ റിക്വസ്റ്റ് ഷർവി സ്വീകരിച്ചില്ല. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം ഷർവി ഇയാളുടെ അക്കൗണ്ടിലേക്ക് വീണ്ടും റിക്വസ്റ്റ് അയച്ചു. ഇയാൾ സ്വീകരിക്കുകയും ചെയ്തു.

ഇരുവരും ചാറ്റിങ് ആരംഭിക്കുകയും, വളരെ പെട്ടെന്നുതന്നെ സുഹൃത്തുക്കളാകുകയും ചെയ്തു. പതുക്കെ ചാറ്റിങ് ഫേസ്ബുക്കിൽ നിന്ന് വാട്‌സാപ്പിലേക്ക് മാറി. ഭർത്താവുമായി വേർപിരിഞ്ഞ് കുട്ടികൾക്കൊപ്പം കഴിയുകയാണ് താനെന്നാണ് ഷർവി ഇയാളോട് പറഞ്ഞത്. പിന്നാലെ കുട്ടികൾക്ക് സുഖമില്ലെന്ന് പറഞ്ഞ് ഷർവി 80കാരനോട് പണം ചോദിക്കാൻ തുടങ്ങി. വൃദ്ധൻ ഇവരെ സഹായിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് ശേഷം കവിത എന്ന് പേരുള്ള സ്ത്രീ ഇയാൾക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചു തുടങ്ങി. ഷർവിയുടെ പരിചയക്കാരിയെന്ന് പറഞ്ഞാണ് കവിത സ്വയം പരിചയപ്പെടുത്തിയത്. താങ്കളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞായിരുന്നു കവിത സംഭാഷണം ആരംഭിച്ചത്. പിന്നാലെ ഇവർ ഇയാൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി.

മാസങ്ങൾക്ക് ശേഷം 2023 ഡിസംബറില്‍, ഷര്‍വിയുടെ സഹോദരിയെന്ന് പറഞ്ഞ് ദിനാസ് എന്ന മറ്റൊരു സ്ത്രീയും 80കാരന് സന്ദേശമയച്ചു. ഷര്‍വി മരിച്ചെന്ന് പറഞ്ഞായിരുന്നു ദിനാസ് വൃദ്ധൻ്റെ ചാറ്റ് ബോക്സിലെത്തിയത്. ഷർവിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ദിനാസ്, ഷര്‍വിയും വൃദ്ധനും തമ്മിൽ തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകൾ അയച്ച് ഭീഷണിപ്പെടുത്താനും തുടങ്ങി.

അമളി തിരിച്ചറിഞ്ഞ് 80കാരൻ പണം തിരികെ ചോദിച്ചപ്പോൾ ജീവനൊടുക്കുമെന്ന ഭീഷണിയാണ് ദിനാസ് ഉയർത്തിയത്. ലക്ഷകണക്കിന് പണം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നെങ്കിലും, ജാസ്മിന്‍ എന്ന നാലാമത്തെ സ്ത്രീയും പിന്നാലെ ഇയാൾക്ക് സന്ദേശമയച്ചു തുടങ്ങി. ദിനാസിൻ്റെ സുഹൃത്താണെന്ന് പറഞ്ഞപ്പോൾ, ഭയം മൂലം വൃദ്ധൻ ഇവർക്കും പണം നൽകി.

734 പണമിടപാടുകൾ, ഒൻപത് കോടി രൂപ

2023ന് തുടങ്ങിയ തട്ടിപ്പ് 2025 ജനുവരി വരെ നീണ്ടു. 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് 80കാരൻ നാല് സ്ത്രീകള്‍ക്കുമായി നല്‍കിയത്. സ്വന്തം സമ്പാദ്യം തീര്‍ന്നപ്പോള്‍, മക്കളിൽ നിന്നും മരുമക്കളിൽ നിന്നും കടം വാങ്ങിയായി ഇടപാട്. മരുമകളില്‍ നിന്ന് രണ്ടുലക്ഷം രൂപയും മകനിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

80കാരനായ അച്ഛന് ഇത്രയധികം പണമെന്തിനെന്ന ചോദ്യത്തിലൂടെയാണ് വമ്പൻ സൈബർ തട്ടിപ്പിൻ്റെ കഥ പുറത്തുവരുന്നത്. താൻ പറ്റിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ, വൃദ്ധന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചതോടെ 80കാരന് മറവിരോഗമുണ്ടെന്നും സ്ഥിരീകരിച്ചു. എന്തായാലും കുടുംബത്തിൻ്റെ പരാതിയിൽ അന്വേഷണം തുടരുകയാണ് പൊലീസ്.

SCROLL FOR NEXT