
കോട്ടയത്ത് ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കാന്‍ എത്തിയവരുടെ കൂട്ടത്തിലായിരുന്നു അയാള്‍. മരങ്ങളുടെ ചില്ലകള്‍ മുറിക്കുന്നു, അവ ചുമന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നു... ഇലയും ചപ്പുചവറുകളുമെല്ലാം തൂത്തുവാരി കുട്ടയിലാക്കി, തലയില്‍ ചുമന്ന് കൊണ്ടുകളയുന്നു... പക്ഷേ, ഇതിനിടെയിലും അയാളുടെ കണ്ണുകള്‍ ക്ലാസ് മുറികളിലേക്കെത്തുന്നുണ്ട്. അധ്യാപകര്‍ ക്ലാസെടുക്കുന്നത് നിര്‍നിമേഷനായി നോക്കിനില്‍ക്കുന്നുണ്ട്... കണ്ണുകളില്‍ നനവ് പടരുന്നതുമുണ്ട്. അങ്ങനെയാണ് പ്രിന്‍സിപ്പല്‍ ഷീജ സലീം അയാളെ ശ്രദ്ധിക്കുന്നത്. ടീച്ചറെ കണ്ടതും അയാള്‍ പറഞ്ഞു; " ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ ". ടീച്ചിങ് മെത്തേഡിനെക്കുറിച്ചൊക്കെ പറഞ്ഞപ്പോള്‍, ആളൊരു സാധാരണക്കാരന്‍ അല്ലെന്ന് ഷീജ ടീച്ചര്‍ക്ക് മനസിലായി. പിന്നാലെ വിവരങ്ങള്‍ തിരക്കി. പേര് എം. രങ്കനാഥന്‍, 36 വയസ്, തമിഴ്‌നാട്ടില്‍ തേനിയില്‍, ഉത്തമപാളയം കോമ്പൈ വില്ലേജിലെ വി.കെ. സ്ര്ടീറ്റിലാണ് വീട്. വിദ്യാഭ്യാസ യോഗ്യത എം.എ, എം.എഡ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരുടെ ഉള്ളിലും ഉണ്ടാകുന്ന ആ ചോദ്യം ഷീജ ടീച്ചറും പുറത്തെടുത്തു: "എന്നിട്ട് എന്തിനാണ് ഇവിടെ ഇങ്ങനെ?"
കോമ്പൈ ആര്‍.സി. സ്കൂളിലായിരുന്നു രങ്കനാഥന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്.കെ.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ഹൈസ്കൂള്‍, പ്ലസ് ടു പഠനം. മധുരൈ അമേരിക്കൻ കോളേജില്‍നിന്ന് തമിഴ് സാഹിത്യത്തില്‍ ബിരുദം. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്ന് കറസ്പോണ്ടന്റായി തമിഴില്‍ ബിരുദാനന്തര ബിരുദവും നേടി. മാർത്താണ്ഡം സെന്റ് ജോസഫ് ടീച്ചർ എജ്യുക്കേഷൻ കോളേജിൽ നിന്നും ബി.എഡും, ത്രിച്ചി ജീവൻ കോളേജ് ഓഫ് എജ്യുക്കേഷനിൽ നിന്നും എം എഡും നേടി. സ്കൂളില്‍ പഠിപ്പിക്കാന്‍ മാത്രമല്ല, ബി.എഡ് കോളേജ് അധ്യാപകനുള്ള യോഗ്യത കൂടിയുണ്ട് രങ്കനാഥന്. പക്ഷേ, ഈ യോഗ്യതകളൊന്നും ജീവിത സ്വപ്നങ്ങള്‍ക്ക് തണലൊരുക്കിയില്ല.
2015ല്‍, മെഡിക്കൽ ലാബ് ടെക്നീഷ്യനായ ആർ. സെൽവിയെ വിവാഹം ചെയ്തു. ഒരു മകന്‍ കൂടി പിറന്നതോടെ, ജീവിതച്ചെലവ് വര്‍ധിച്ചു. ഇതിനിടെ കോമ്പൈ എസ്.കെ.പി സ്കൂളില്‍ ഒരു വര്‍ഷം താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തു. 6000 രൂപയായിരുന്നു മാസ ശമ്പളം. അതും കൃത്യമായി ലഭിക്കുമായിരുന്നില്ല. യോഗ്യതയ്ക്കനുസരിച്ചുള്ള മറ്റു ജോലിയൊന്നും തരപ്പെട്ടതുമില്ല. ഏതെങ്കിലും സ്കൂളില്‍ ജോലി നേടണമെങ്കില്‍ വലിയ തുക ഡൊണേഷന്‍ കൊടുക്കേണ്ട സാഹചര്യം. നാട്ടില്‍ കൂലിപ്പണിക്ക് പോകുന്നതിനുള്ള മാനസികപ്രയാസം വല്ലാതെ ബാധിക്കുകയും ചെയ്തു. അങ്ങനെയാണ് ഒരു വര്‍ഷം മുന്‍പ് രങ്കനാഥന്‍ കേരളത്തിലെത്തിയത്. പെരുമ്പാവൂരില്‍ കറിപൗഡർ നിർമാണ കമ്പനിയിലായിരുന്നു ആദ്യം എത്തിയത്. അവിടെ ജോലി ചെയ്താണ് രംഗനാഥന്‍ എം.എഡ്. പഠനത്തിനുള്ള പണം രംഗനാഥന്‍ കണ്ടെത്തിയത്. കൂടുതല്‍ കൂലി ലക്ഷ്യമിട്ടാണ് ഈരാറ്റുപേട്ടയിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്‍ട്രിക്കായി ഒരു ടെസ്റ്റ് എഴുതണം. അതിന് ഫീസ് കൂടി കണ്ടെത്തണം. "ദിവസം 1100 രൂപയോളം കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലാണെങ്കില്‍ 500-600 രൂപയേ കിട്ടൂ...". തെല്ലൊരു ആശ്വാസത്തോടെ രങ്കനാഥന്‍ സാക്ഷ്യപ്പെടുത്തുന്നു.
അനുഭവങ്ങള്‍ ഉള്‍ക്കരുത്ത് പകര്‍ന്നതാണ് രങ്കനാഥന്റെ ജീവിതം. ആ ജീവിതപാഠത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ ഷീജ ടീച്ചര്‍ക്കും സ്കൂളിലെ മറ്റ് അധ്യാപകര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കുട്ടികളോട് സംസാരിക്കാന്‍ അവര്‍ രങ്കനാഥന് അവസരമൊരുക്കി. അധ്യാപകരെ സാക്ഷിയാക്കി രങ്കനാഥന്‍ കുട്ടികളോട് സംസാരിച്ചു. ജീവിതാനുഭവങ്ങളെ ചേര്‍ത്തുവെച്ചതായിരുന്നു രങ്കനാഥന്റെ ടീച്ചിങ് മെത്തേഡ്. അര്‍ഹതയ്ക്കും പ്രതീക്ഷയ്ക്കുമിടയില്‍ നിരാശയുടെ കരിമ്പടത്തിലേക്ക് ഉള്‍വലിഞ്ഞ് ജീവിതം കൈവിടാതെ മുന്നോട്ടുപോകണം എന്നാണ് രങ്കനാഥന്‍ പഠിപ്പിക്കുന്നത്.
മുരുകേശ്വരന്‍-സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1989ലായിരുന്നു രങ്കനാഥന്റെ ജനനം. ഒരു സഹോദരി, പേര് സുന്ദരി. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, അച്ഛന്‍ മറ്റൊരാളെ വിവാഹം ചെയ്തു. അച്ഛന് തന്നോടുള്ള ഇഷ്ടം കുറയുന്നതു മനസിലാക്കിയ രങ്കനാഥന്‍ അമ്മാവന്റെ വീട്ടിലേക്ക് പോയി. അമ്മാവനാണ് ബി.എഡ് വരെ പഠിപ്പിച്ചത്. താല്‍ക്കാലിക അധ്യാപനവും, തമിഴ് മാസികയിലെ താല്‍ക്കാലിക ജോലിയുമൊന്നും ജീവിതത്തെ കരകയറ്റില്ലെന്ന ബോധ്യമാണ് രങ്കനാഥനെ പുതിയ സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിച്ചത്. പ്രാസംഗികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് രങ്കനാഥന്‍. പരമ്പരാഗത ആയോധന കലയായ സിലമ്പും വശമുണ്ട്. തമിഴ് പാട്ടുകള്‍ എഴുതി, ഈണമൊരുക്കി കൊടുക്കും. നല്ല കഥകളുണ്ട്, അതിന് തിരക്കഥയൊരുക്കണം, അവ നല്ല സിനിമകളാകണം... രങ്കനാഥന് പ്രതീക്ഷയേറെയാണ്.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: Melukavu news - Make Kerala News FB Page