SOCIAL

കടലിന് മുകളിൽ കപ്പൽ പറക്കുകയാണോ? ആകാശത്ത് ഒഴുകിനടക്കുന്ന കപ്പൽ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

'സുപ്പീരിയർ മിറേജ്' എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കടലിനോട് ചേർന്നുള്ള തണുത്ത വായുവിന് മുകളിൽ ചൂടുള്ള വായു രൂപപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

Author : Fathima Rishana

കടലിന് മുകളിലൂടെ ഒരു കപ്പൽ പറന്നുപോകുന്നത് കണ്ടാൽ എങ്ങനെയിരിക്കും? അത്തരമൊരു കൗതുകക്കാഴ്ചയാണ് യുഎഇയിലെ അജ്മാൻ തീരത്ത് നിന്നുള്ളത്. കടലിലൂടെ പോകുന്ന കൂറ്റൻ ചരക്കുകപ്പൽ വെള്ളത്തിന് മുകളിൽ ഉയർന്ന് ആകാശത്ത് ഒഴുകിനടക്കുന്നതുപോലെയാണ് വീഡിയോയിൽ കാണുന്നത്. കണ്ടവരൊക്കെ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സംഗതി വേറെയാണ്. കപ്പൽ പറക്കുന്നതല്ല, പ്രകൃതിയുടെ ഒരു ചെറിയ മാജിക്കാണ് ഈ കാഴ്ചയ്ക്ക് പിന്നിൽ.

'സുപ്പീരിയർ മിറേജ്' എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കടലിനോട് ചേർന്നുള്ള തണുത്ത വായുവിന് മുകളിൽ ചൂടുള്ള വായു രൂപപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വായുപാളികളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ ദിശ മാറും. അങ്ങനെ ദൂരെയുള്ള കപ്പലുകൾ യഥാർഥ സ്ഥാനത്തേക്കാൾ ഉയരത്തിൽ നിൽക്കുന്നതുപോലെ തോന്നും. അതുകൊണ്ടാണ് കപ്പൽ കടലിന് മുകളിലൂടെ പറക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നത്.

നവംബർ 25നാണ് അജ്മാൻ ബീച്ചിൽ എത്തിയ ദുബായിൽ താമസിക്കുന്ന മലയാളി ഫോട്ടോഗ്രാഫർ ജസീൽ അസീസ് ഈ ദൃശ്യം പകർത്തിയത്. ആദ്യം സുഹൃത്തുക്കളെ കാണിക്കാനായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോ പിന്നീട് റീലായും പോസ്റ്റ് ചെയ്തു. പിന്നെ സംഭവിച്ചത് വൈറൽ തരംഗം. മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. 30 ദശലക്ഷത്തിലധികം കാഴ്ചകളും 15 ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.

വേനൽക്കാലത്ത് റോഡിലൂടെ പോകുമ്പോൾ ദൂരെ വെള്ളം കെട്ടിക്കിടക്കുന്നതുപോലെ തോന്നാറില്ലേ? അതും ഒരു പ്രകാശപ്രതിഭാസമാണ്. എന്നാൽ അജ്മാനിൽ കണ്ടത് അതിൽനിന്ന് വ്യത്യസ്തമായ കാഴ്ചയാണ്. ഇത്തരം അന്തരീക്ഷ സാഹചര്യങ്ങളിൽ കപ്പലുകൾ മാത്രമല്ല, ദൂരെയുള്ള ദ്വീപുകളും തീരപ്രദേശങ്ങളുമൊക്കെ ഉയർന്നുനിൽക്കുന്നതുപോലെ തോന്നാം. എന്തായാലും ആകാശത്ത് ഒഴുകിനടക്കുന്ന ഈ കപ്പലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ കൗതുകമായിരിക്കുകയാണ്.

SCROLL FOR NEXT