യമുനയിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; പിന്നാലെ ഭീഷണിയും അസഭ്യവർഷവും; വൈറലായി ഡൽഹിയിലെ ഇൻഫ്ലുവൻസറുടെ വീഡിയോ

ഡൽഹിയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ കമൽ ചൗധരിയാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതികരിച്ചതിന് ഭീഷണി നേരിട്ടത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
യമുനയിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; പിന്നാലെ ഭീഷണിയും അസഭ്യവർഷവും; വൈറലായി ഡൽഹിയിലെ ഇൻഫ്ലുവൻസറുടെ വീഡിയോ
Published on: 
Updated on: 

യമുനാ നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഇൻഫ്ലുവൻസർക്ക് നേരെ യുവാവിന്റെ ഭീഷണി. ഡൽഹിയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ കമൽ ചൗധരിയാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതികരിച്ചതിന് ഭീഷണി നേരിട്ടത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഡൽഹിയിലെ ഒരു ഫ്ലൈഓവറിൽ നിന്ന് ഒരാൾ യമുനയിലേക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമൽ ഇയാളെ ചോദ്യം ചെയ്യാനെത്തിയത്. നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും അതിന്റെ ദോഷവശങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ മറുപടി നൽകുന്നതിന് പകരം ഇയാൾ പ്രകോപിതനായി. ചെരുപ്പൂരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തടയാൻ കഴിയുമെങ്കിൽ തടയൂ എന്ന വെല്ലുവിളിയും ഉയർത്തി.

സംഭവത്തിന്റെ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ യുവാവ് ബേസ്ബോൾ ബാറ്റ് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയെന്നും കമൽ ആരോപിച്ചിട്ടുണ്ട്. നദിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന് പറയുന്നത് ഇപ്പോൾ കുറ്റമാണോ എന്നായിരുന്നു കമലിന്റെ ചോദ്യം. ആരുമായും വഴക്കുണ്ടാക്കുകയല്ല, മറിച്ച് ഇത്തരം പ്രവൃത്തികൾക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യമുനയിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; പിന്നാലെ ഭീഷണിയും അസഭ്യവർഷവും; വൈറലായി ഡൽഹിയിലെ ഇൻഫ്ലുവൻസറുടെ വീഡിയോ
സ്വന്തം മരണാനന്തര ചടങ്ങുകൾ ഇനി മുൻകൂട്ടി ആസൂത്രണം ചെയ്യാം; പുതിയ സ്റ്റാർട്ടപ്പ് ആശയവുമായി ഡൽഹി സ്റ്റാർട്ടപ്പ്

വീഡിയോ വൈറലായതോടെ യുവാവിനെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കമലിനെ പിന്തുണച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ മാലിന്യം തള്ളിയ വ്യക്തിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. അമിത് കിൽഹോറിനെപ്പോലുള്ള ഇൻഫ്ലുവൻസർമാരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മലിനീകരണത്തിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും യമുനയിലേക്ക് മാലിന്യം തള്ളുന്നവരുടെ മനോഭാവം മാറാത്തത് വലിയ ആശങ്കയാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.