SOCIAL

ടിക് ടോക്കിലെ ട്രെന്‍ഡിങ് വീഡിയോ കണ്ട് പരീക്ഷണം; ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടുകാരന്‍ ചികിത്സയില്‍

ആൽക്കഹോൾ ഒഴിച്ച് തീ കത്തിച്ചപ്പോള്‍ തീ ദേഹത്തേക്ക് പടരുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ടിക് ടോക്കിലെ ട്രെന്‍ഡിങ് വീഡിയോ കണ്ട് പരീക്ഷണം നടത്തിയ പന്ത്രണ്ടുകാരന് ഗുരുതര പരിക്ക്. യുഎസ്സിലാണ് സംഭവം. കുപ്പിയിലേക്ക് ആൽക്കഹോൾ ഒഴിച്ച് തീ കൊടുക്കുമ്പോള്‍ കുപ്പിക്കുള്ളില്‍ തീ കത്തുന്നതായിരുന്നു വീഡിയോ. ഇത് കണ്ടാണ് പന്ത്രണ്ടുകാരനും സഹദോരനും പരീക്ഷിച്ചത്.

കേഡന്‍ ബല്ലാര്‍ഡ് എന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വീഡിയോയില്‍ കണ്ടത് പോലെ ആൽക്കഹോൾ ഒഴിച്ച് തീ കത്തിച്ചപ്പോള്‍ തീ ദേഹത്തേക്ക് പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിച്ച കുപ്പി വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.

നിറമില്ലാത്ത കത്തുന്ന രാസസംയുക്തമായ ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ ആണ് കുട്ടികള്‍ കത്തിക്കാന്‍ ഉപയോഗിച്ചത്. അദൃശ്യമായ തീനാളങ്ങളാണ് ഇതിനുണ്ടാകുക. ഇതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ മുഖത്തും നെഞ്ചിലും കൈകളിലും വയറ്റിലും പൊള്ളലേറ്റിട്ടുണ്ട്.

കേഡന്റെ സഹോദരന്‍ പെട്ടെന്ന് വസ്ത്രം ഊരി മാറ്റിയതു കൊണ്ട് വലിയ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഉടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൂര്‍ണ ആരോഗ്യം തിരിച്ചുകിട്ടാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT