
ടോക്കിയോ: ജപ്പാൻ്റെ തെരുവുകളിൽ നിന്ന് പകർത്തിയൊരു വീഡിയോ കഴിഞ്ഞ ദിവസം ഇൻ്റർനെറ്റിലാകെ പ്രചാരം നേടുകയാണ്. 23കാരനായ കോളേജ് പയ്യൻ്റെ കൈയ്യും പിടിച്ച് നടക്കുന്നൊരു മുത്തശ്ശിയാണ് ഈ വീഡിയോയിലെ ശ്രദ്ധാ കേന്ദ്രം. 83 വയസ് പ്രായമുള്ള മുത്തശ്ശിയുടെ പേര് ഐകോ എന്നാണ്. രണ്ട് വിവാഹങ്ങളിലായി ഒരു മകനും മകളും അഞ്ച് കൊച്ചു മക്കളുമാണ് ഇവർക്കുള്ളത്.
കാര്യമെന്തെന്നാൽ... നമ്മുടെ അതിസുന്ദരിയായ ഐകോ മുത്തശ്ശി, 23കാരനായ പയ്യനെ കഴിഞ്ഞ ആറ് മാസമായി ഡേറ്റ് ചെയ്യുകയാണത്രെ. മുത്തശ്ശിയുടെ കൊച്ചുമകൻ്റെ ക്ലാസ്മേറ്റാണ് കൊഫു എന്ന പേരായ ഈ പയ്യൻസ്. 'സൗത്ത് ചൈന മോണിങ് പോസ്റ്റ്' ആണ് ഈ വാർത്ത ആദ്യമായി മാധ്യമങ്ങളിൽ പങ്കുവച്ചത്. അതോടെ ഈ പ്രണയ ജോഡികൾ ഒരൊറ്റ രാത്രി കൊണ്ട് തന്നെ വൈറലായി.
കൊഫു ഇപ്പോൾ ഒരു ഡിസൈനിങ് കമ്പനിയിൽ ഇൻ്റേണി ആയി ജോലി ചെയ്യുന്നുമുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ ഐകോ മുത്തശ്ശിയോട് പ്രണയം തോന്നിയിരുന്നെങ്കിലും കൊഫു അത് മറച്ചുവെച്ചു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു മാനസികാവസ്ഥ. പിന്നീട് കൊച്ചുമക്കളിലാരോ ഡിസ്നി ലാൻഡിലേക്ക് ഇരുവർക്കുമായി ഒരു യാത്രയ്ക്ക് അവസരം ഒരുക്കി നൽകിയതോടെയാണ് പ്രണയം ഇരുവരും പരസ്പരം തുറന്നുസമ്മതിച്ചത്.
ഇരുവരും ലിവിങ് ടുഗദർ റിലേഷൻഷിപ്പിലുമാണ്. വാർത്ത വൈറലായതിന് ശേഷവും ഇരുവരുടേയും കുടുംബങ്ങൾ ഉറച്ച പിന്തുണയാണ് നൽകുന്നതെന്നും ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.