SOCIAL

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

"മുൻപ് എനിക്ക് ദാഹിച്ചപ്പോൾ വെള്ളം നൽകി സഹായിച്ച അപരിചിതരുണ്ട്, ആ കടപ്പാട് ഇപ്പോൾ മറ്റൊരാളെ സഹായിച്ച് വീട്ടുന്നു"

Author : ന്യൂസ് ഡെസ്ക്

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ വെല്ലുവിളികളെ നേരിടുമ്പോൾ, തളർന്ന് പോയാൽ ആശ്വസിപ്പിക്കാനും കൂട്ടിരിക്കാനുമൊക്കെ ആരെങ്കിലും ഉണ്ടാകുന്നത് ആശ്വാസവും ആത്മവിശ്വാസവും നൽകും. അത്തരത്തിൽ ഒരു ഒരു കൂട്ടിരുപ്പിന്റെ കഥയാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. കാൻസർ ബാധിതയായ 24 -കാരിക്ക് കൂട്ടിരിക്കാൻ അപരിചിതരായ മനുഷ്യർ ഓടിയെത്തിയ കഥ.

ചൈനയിലെ ഫോഷാനിൽ നിന്നുള്ള 'ലി' എന്ന 24 -കാരിക്കാണ് തന്റെ രോഗാവസ്ഥയിലും മനോഹരമായ അനുഭവം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലീ തനിച്ചായിരുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താൻ അവളുടെ അച്ഛൻ ദൂരസ്ഥലത്ത് ജോലിചെയ്യുകയാണ്. സഹോദരൻ പഠനാവശ്യവുമായി ബന്ധപ്പെട്ടും പോയിരിക്കുന്നു. നാലാം ഘട്ട കീമോതെറാപ്പിക്ക് ശേഷം അനുഭവപ്പെട്ട കഠിനമായ ഏകാന്തതയാണ് ലീ യെ ഒരു കൂട്ട് തേടാൻ പ്രരിപ്പിച്ചത്.

ആപ്പിലൂടെ ഫുഡ് ഓർഡർ ചെയ്തതിനൊപ്പം ലി ഒരു വിചിത്രമായ അഭ്യർത്ഥന നടത്തി. 'രണ്ട് മണിക്കൂർ എന്റെ കട്ടിലിനരികിൽ ഒന്ന് വന്നിരിക്കാമോ' എന്നാണ് ലീ തന്റെ ഡെലിവറി പാർട്ട്നറോട് ചോദിച്ചത്. ഡെലിവറി ബോയ് ആ അഭ്യർത്ഥന സ്വീകരിക്കുകയും ലിക്ക് കൂട്ടായി ഇരിക്കുകയും ചെയ്തു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഈ വിവരം അദ്ദേഹം പങ്കുവച്ചതോടെ നിരവധിപ്പേരാണ് ലീയെ കാണാൻ ആശുപത്രിയിലേക്ക് എത്തിയത്.

തങ്ങളുടെ ഷിഫ്റ്റുകൾക്ക് ശേഷം പല ഡെലിവറി ബോയ്സും ലിയെ സന്ദർശിക്കാനും അവർക്ക് പലഹാരങ്ങളും പുസ്തകങ്ങളും മറ്റും നൽകാനും സമയം കണ്ടെത്തി. അതിൽ അടുത്തുള്ളവരും ഏറെ ദൂരെ നിന്ന് യാത്ര ചെയ്ത് എത്തിയവരും ഉണ്ടായിരുന്നു. അറുപതുകളിൽ എത്തിയ ഒരു കാൻസർ സർവൈവറും പൂക്കളുമായി ലിയെ കാണാനെത്തി. 'ഞാനിപ്പോൾ എത്ര ആരോഗ്യവതിയാണെന്ന് നോക്കൂ, നീയും കരുത്തോടെ മുന്നോട്ട് പോകണം' എന്ന് അവർ ലിയെ ആശ്വസിപ്പിച്ചു.

"മുൻപ് എനിക്ക് ദാഹിച്ചപ്പോൾ വെള്ളം നൽകി സഹായിച്ച അപരിചിതരുണ്ട്, ആ കടപ്പാട് ഇപ്പോൾ മറ്റൊരാളെ സഹായിച്ച് വീട്ടുന്നു". ലീയെ സന്ദർശിച്ച മറ്റൊരാൾ പറഞ്ഞു. ഇത്രയും മനുഷ്യരുടെ പിന്തുണ ലീയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല. ആരോഗ്യനില മെച്ചപ്പെട്ട അവൾ ആശുപത്രി വിട്ടു. 'ഇത്രയധികം ആളുകൾ എനിക്കൊപ്പം നിൽക്കാനെത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവരുടെ സ്നേഹം എന്നെ ആഴത്തിൽ സ്പർശിച്ചു' ലീ പറഞ്ഞു.

SCROLL FOR NEXT