ബീജിങ്: കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു പാവകൾ സമൂഹമാധ്യമങ്ങളിലും സെലിബ്രിറ്റികൾക്കിടയിലും എല്ലാം വലിയ തരംഗമായിരുന്നു. എന്നാൽ, ലബൂബുവിന് ശേഷം ഇപ്പോൾ ചൈന പുറത്തിറക്കിയ മറ്റൊരു പാവയാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ചൈനീസ് ഫാക്ടറി പുറത്തിറക്കിയ ചിരിക്കാത്ത മുഖമുള്ള കുതിര പാവകൾ ഇപ്പോൾ ട്രെൻഡിങ്ങാണ്.
ഉൽപ്പാദന പിഴവ് മൂലമാണ് കരയുന്ന മുഖമുള്ള കുതിരയുടെ പാവകൾ ചൈനയിൽ പിറന്നത്. ചിരിക്കുന്ന മുഖം തുന്നിച്ചേർക്കുന്നതിനിടയിൽ ചുണ്ടിലും മൂക്കിലും തുന്നലിൽ പിഴവ് വന്നതോടെ അവ കരയുന്ന കുതിരപ്പാവകളായി മാറുകയായിരുന്നു. തുന്നലിൽ വന്ന അപാകത മൂലം തുടക്കത്തിൽ തകരാറുള്ളതായി തോന്നിയെങ്കിലും വിപണിയിൽ എത്തിയതിന് പിന്നാലെ വൻ സ്വീകരണമാണ് പാവയ്ക്ക് ലഭിക്കുന്നത്. ഒറിജിനലിനേക്കാൾ ആവശ്യക്കാരാണ് ഇപ്പോൾ ഈ പാവയ്ക്കുള്ളത്.
യിവ ഇൻ്റർനാഷണൽ ട്രേഡ് സിറ്റിയാണ് കളിപ്പാട്ടത്തിൻ്റെ നിർമാണത്തിന് പിന്നിലെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 25 യുവാൻ (US$4) വിലവരുന്ന 20 സെന്റീമീറ്റർ ഉയരമുള്ള ഈ കുതിരയ്ക്ക് ചുവപ്പ് നിറമാണ് നിർമാതാക്കൾ നൽകിയിട്ടുള്ളത്. സ്വർണനിറത്തിൽ "പണം ഉടൻ വരും" എന്നൊരു സന്ദേശവും ഈ കുതിരയുടെ ശരീരത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലെത്തിയ ഈ പാവകൾക്ക് ആദ്യം ആവശ്യക്കാർ കുറവായിരുന്നു. പ്രതിദിനം 400ഓളം യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. എന്നാൽ, വൈറലായതോടെ പ്രതിദിനം ആയിരത്തിലധികം ഓർഡറുകൾ ലഭിക്കുന്നതായും ഫാക്ടറി ഉടമ ഷാങ് ഹുവോക്കിംഗ് പറയുന്നു.
നിരവധി പേരാണ് ഈ പാവയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. "ഈ കുഞ്ഞ് കുതിരയ്ക്ക് വളരെയധികം സങ്കടമുള്ള പോലെ തോന്നുന്നുണ്ട്, ജോലിസ്ഥലത്ത് എനിക്ക് തോന്നുന്നതുപോലെ തന്നെ," ഇത്തരത്തിലാണ് തുവാൻ തുവാൻ മാമി എന്നറിയപ്പെടുന്ന ഒരാൾ പാവയെ പറ്റി ഓൺലൈനിൽ കുറിച്ചത്. അപൂർണതയാണ് സാധാരണക്കാരുടെ യഥാർഥ പ്രതിഫലനമെന്ന് മറ്റൊരാൾ കുറിച്ചു.