ഡാനിഷ് ഇൻഫ്ലുവൻസർ ബുക്കാർഡ് ബിറ്റെസിയുടെ ഒരു സങ്കടകഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. നേപ്പാളിൽ നിന്ന് ഒരു പാക്കറ്റ് ഇന്ത്യൻ പപ്പടം വാങ്ങിച്ചു. കോപ്പൻഹേഗനിലെ വീട്ടിലെത്തി കഴിച്ചപ്പോൾ സംഭവം കിടിലൻ. കഴിച്ച് കഴിച്ച് പപ്പടം തീരാനായപ്പോൾ ഒരു ഇൻസ്റ്റാ പോസ്റ്റിട്ടു, "ഈ പപ്പടം എവിടെ കിട്ടും? ഇതുണ്ടാക്കുന്ന ചേട്ടൻ പൊളിയാണ് അങ്ങേരെ അറിയാവുന്നവർ പറഞ്ഞുതരിക, പപ്പടം കിട്ടുന്ന സ്ഥലവും" ബിറ്റെസിയുടെ പോസ്റ്റിപ്പോൾ ലോകം മുഴുവൻ വൈറലാണ്..
ഇന്ത്യൻ പ്രമുഖ ഫുഡ് ബ്രാൻഡ് ആയ ബിക്കാഡിയുടെ പപ്പടം നേപ്പാളിൽ നിന്ന് മേടിച്ച ഡാനിഷ് ഇൻഫ്ളുവൻസറുടെ പോസ്റ്റാണിപ്പോൾ ചിരി പടർത്തി വൈറലായത്.. മസാലപപ്പടത്തിന്റെ കവറിലെ ചിത്രം ബിക്കാഡിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ സാക്ഷാൽ അമിതാഭ് ബച്ചന്റേതാണ്. ആ ചിത്രം പപ്പട നിർമാതാവിന്റേതാണെന്ന് ഇന്ത്യൻ സിനിമയെക്കുറിച്ചറിയാത്ത ഡാനിഷ് പെൺകുട്ടി തെറ്റിദ്ധരിച്ചതാണ് സംഭവം. കോപ്പൻഹേഗനിലെ വീട്ടിലിരുന്ന് പപ്പടം കഴിച്ചപ്പോൾ ബിറ്റെസിയുടെ മനം നിറച്ചു, ആ കവറിൽ പറയുംപോലെ - ദിൽ കുഷ്. അതുകൊണ്ട് എവിടെ കിട്ടും എന്നന്വേഷിച്ച് ഇൻസ്റ്റാ പോസ്റ്റിട്ടു..
പോസ്റ്റിൽ പറഞ്ഞ വാക്കുകളാണ് ഏറ്റവും രസകരം. "താൻ കഴിച്ചതിൽ വെച്ച് ഏറ്റവും കിടിലൻ ടേസ്റ്റുള്ള പപ്പടമാണിത്, പപ്പടം തീരാനായി.. ഇവിടെ കോപ്പൻഹേഗനിൽ എങ്ങും കിട്ടാനില്ല.. ആരാണീ ഈ ലെജൻഡറി പപ്പടക്കാരൻ? ഈ ചേട്ടനെ അറിയാവുന്നവർ പറഞ്ഞുതരൂ" എന്നും ബിറ്റെസി വീഡിയോയിലൂടെ അഭ്യർഥിച്ചു.
വീഡിയോക്ക് താഴെ രസകരമായ കമന്റുകളിലൂടെ ഹ്യൂമറസായി ട്രോളുകയാണ് സോഷ്യൽ മീഡിയ. ആരാണീ ചേട്ടൻ എന്ന ചോദ്യത്തിന്. ഇങ്ങേരെ എനിക്കറിയാം, ഇൻഡ്യാ ഗേറ്റിന് സമീപം ബസ്മതി അരി കൃഷിയുണ്ട്, പുള്ളിയ്ക്ക് -എന്ന് ഒരാളുടെ കമന്റ്.. പപ്പടം മാത്രമല്ല സോൻ പാപ്പ്ഡിയും ഉണ്ടാക്കുന്നുണ്ട് എന്ന് മറ്റൊരു കമന്റ്. മുംബൈയിലെ വസതിയിലിരുന്ന് ബച്ചൻ ചേട്ടൻ സ്വന്തം കൈകൊണ്ടാണ് ഓരോ പപ്പടവും ഉണ്ടാക്കുന്നതെന്ന് അടുത്ത കമന്റ്... വീഡിയോ ഏതായാലും ലോകം മുഴുവൻ വൈറലാണ്.