ഗാസിപൂര്‍: ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ റസ്റ്ററന്റ് അടച്ചു പൂട്ടി. റസ്റ്ററന്റില്‍ കഴിക്കാനെത്തിയ ആളാണ് എലിയെ കണ്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിക്കാന്‍ ലഭിച്ച തൈരിലാണ് എലിയെ കിട്ടിയതെന്നാണ് ഉപയോക്താവ് പറഞ്ഞത്. വീഡിയോ വൈറലായതിനു പിന്നാലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ റസ്റ്ററന്റിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയ കാര്യം റസ്റ്ററന്റ് നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനയില്‍ വീഴ്ച കണ്ടെത്തിയതോടെ റസ്റ്ററന്റ് അടിയന്തരമായി അടച്ചു പൂട്ടാനും അധികൃതര്‍ ഉത്തരവിട്ടു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ റസ്റ്ററന്റിന് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.
ഗാസിപൂരിലെ പ്രമുഖ റസ്റ്ററന്റിലാണ് എലിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറലായ വീഡിയോയ്ക്കും നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെയും തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഗാസിപൂരിലെ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറും ഭക്ഷ്യവകുപ്പ് ജോയിന്റ് ഡയറക്ടറുമായ രമേശ് ചന്ദ്ര പാണ്ഡെ പറഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.