

മുംബൈ: അർജൻ്റൈൻ ഇതിഹാസം ലയണൽ മെസ്സി ലയണൽ മെസ്സിയും കൂട്ടരും ആനന്ദ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ശിവലിംഗത്തിന് മുന്നിൽ മെസ്സിയും സുവാരസും ഡീപോളുമെല്ലാം പ്രാർഥനാനിരതരാകുന്നതും പുഷ്പാർച്ചനയും പാലഭിഷേകവും നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തല കുനിച്ചിരുന്ന് ഏകാഗ്രതയോടെ ധ്യാനിക്കുന്ന താരങ്ങളെയും വീഡിയോയിൽ കാണാം. മെസ്സിയുടെ ഗോട്ട് ടൂറിൻ്റെ ഭാഗമായി മുംബൈയിൽ സന്ദർശനം നടത്തവെയാണ് ഇൻ്റർ മയാമി താരങ്ങൾ അംബാനിയുടെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ആനന്ദ് അംബാനിയും സൂപ്പർ താരങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ആനന്ദിൻ്റെയും പൂജാരിമാരുടെയും നിർദേശങ്ങൾക്ക് അനുസരിച്ചാണ് മെസ്സിയും മയാമിയിലെ സഹതാരങ്ങളും പൂജകൾ അനുഷ്ഠിച്ചത്.
മുംബൈയിലെത്തിയ മെസ്സിക്കും കൂട്ടർക്കും വാംഖഡെ സ്റ്റേഡിയത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. മെസ്സിയെ കാണാനെത്തിയ സച്ചിൻ ടെണ്ടുൽക്കർ താൻ കളിച്ചു കൊണ്ടിരുന്ന കാലത്തെ 10ാം നമ്പറിലുള്ള ഇന്ത്യൻ ജഴ്സിയാണ് മെസ്സിക്ക് കൈമാറിയത്. മെസ്സിയും 10ാം നമ്പർ ജഴ്സിയണിഞ്ഞ് കളിക്കുന്ന താരമാണ്. സച്ചിൻ്റെ സ്നേഹ സമ്മാനത്തിന് പകരമായി ലോകകപ്പിലെ ഫുട്ബോളാണ് മെസി തിരിച്ചുനൽകിയത്.
സച്ചിൻ മെസ്സിക്ക് അരികിലേക്ക് എത്തിയപ്പോൾ മെസ്സിയെപ്പോലും അത്ഭുതപ്പെടുത്തി "സച്ചിൻ, സച്ചിൻ" ആർപ്പുവിളികളാണ് ആരാധകർക്കിടയിൽ നിറഞ്ഞത്. മെസ്സി മുംബൈയിലെ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയും, ആരാധകർക്കിടയിലേക്ക് ഫുട്ബോൾ തട്ടിക്കൊടുക്കുകയും ചെയ്തു. വലിയ ആവേശത്തോടെയാണ് അർജൻ്റൈൻ ഫുട്ബോൾ ലെജൻഡിനെ മുംബൈയിലെ കാണികൾ വരവേറ്റത്.
ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടി. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയവർ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയിൽ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകർ നടത്തും. മെസ്സിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തനത്തിന് കൂടിയാണ് സംഘാടകർ ലക്ഷ്യമിടുന്നത്.