Delhi Cop Suspended After Cancelling Wedding Over dowry 
SOCIAL

സ്ത്രീധനത്തെ ചൊല്ലി വിവാഹത്തിൽ നിന്നും പിന്‍മാറിയ ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്ത് ഡൽഹി പോലിസ്

വിവാഹദിവസം രാത്രി 7:15 ഓടെ സാധാരണ വസ്ത്രം ധരിച്ച് വേദിയിലെത്തിയ കുൽദീപും അമ്മയും ബ്രെസ്സ കാർ എത്തിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സ്ത്രീധനമായി 13 ലക്ഷം രൂപ വിലവരുന്ന കാർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹം മുടക്കിയ ഡൽഹി പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഹരിയാനയിലെ സോനിപത്തിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹമാണ് വരനായ കോൺസ്റ്റബിൾ കുൽദീപ് വേദിയിലെത്തിയ ശേഷം റദ്ദാക്കിയത്.

വധുവിൻ്റെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഡൽഹി പോലീസ് ഇയാളെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സോനിപത്തിലെ മാംചന്ദ് വാടികയിൽ 1200-ഓളം അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹ ചടങ്ങുകളായിരുന്നു വധുവിൻ്റെ പിതാവ് സുഭാഷ് കുമാർ ഒരുക്കിയിരുന്നത്.

നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം വരനായി 9.5 ലക്ഷം രൂപയുടെ ഹ്യുണ്ടായ് ഓറ ( കാർ ബുക്ക് ചെയ്തിരുന്നു. എന്നാൽ തനിക്ക് ആ കാർ ഇഷ്ടപ്പെട്ടില്ലെന്നും 13 ലക്ഷം രൂപയുടെ മാരുതി ബ്രെസ്സ തന്നെ വേണമെന്നും കുൽദീപ് നിർബന്ധം പിടിച്ചതായി സുഭാഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഹ്യുണ്ടായ് കാറിൻ്റെ ബുക്കിംഗ് റദ്ദാക്കി ബ്രെസ്സ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷോറൂമുകളിൽ ലഭ്യമല്ലാത്തതിനാൽ സാധിച്ചില്ല.

ഇതിനുപുറമെ വരനായി രണ്ട് പവന്റെ സ്വർണ്ണമാലയും, വരന്റെ അമ്മയ്ക്ക് നാല് പവന്റെ കമ്മലുകളും, ഫർണിച്ചറുകളും, വരന്റെ സഹോദരനും ഭാര്യയ്ക്കുമായി സ്വർണ്ണാഭരണങ്ങളും നൽകിയിരുന്നതായി വധുവിന്റെ വീട്ടുകാർ ആരോപിക്കുന്നു. വിവാഹദിവസം രാത്രി 7:15 ഓടെ സാധാരണ വസ്ത്രം ധരിച്ച് വേദിയിലെത്തിയ കുൽദീപും അമ്മയും ബ്രെസ്സ കാർ എത്തിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ ആവർത്തിച്ച് അപേക്ഷിച്ചിട്ടും ഇവർ വേദി വിട്ടുപോകുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി ചെലവായ തുക തിരികെ ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം സോനിപത്ത് പോലീസിനെ സമീപിച്ചത്.

ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായും ഡൽഹി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം തനിക്കെതിരായ സ്ത്രീധന ആരോപണങ്ങൾ കുൽദീപ് നിഷേധിച്ചു. സമുദായ നേതാക്കൾ മുഖേന പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനാൽ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി സോനിപത്ത് ഡി.സി.പി ജിതേന്ദർ ഗഹ്‌ലാവത് അറിയിച്ചു.

SCROLL FOR NEXT