

ഹരിയാന: സോനിപത്തിൽ മാരുതി ബ്രെസ്സ കാർ വേണമെന്ന ആവശ്യം നിറവേറ്റാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസുകാരനായ വരൻ. ആഗ്രഹിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് വരൻ വിവാഹത്തിൽ പങ്കെടുക്കാതെ ബന്ധുക്കളുമായി മടങ്ങുകയായിരുന്നു.
നവംബർ 20 ന് സോണിപത്തിലെ മംചന്ദ് വാടികയിലാണ് സംഭവം. ഡൽഹി പൊലീസിൽ ജോലി ചെയ്യുന്ന കുൽദീപാണ് ആവശ്യപ്പെട്ട വാഹനം ലഭിക്കാത്തതിൻ്റെ പേരിൽ വിവാഹം ഒഴിവാക്കിയത്. ഇയാൾ ആവശ്യപ്പെട്ടിരുന്ന 13 ലക്ഷത്തിൻ്റെ മാരുതി ബ്രസ്സയ്ക്ക് പകരം വധുവിന്റെ കുടുംബം 9.5 ലക്ഷം രൂപ വിലമതിക്കുന്ന ഹ്യുണ്ടായി ഓറ വാങ്ങി നൽകിയതാണ് കുൽദീപിനെ പ്രകോപിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ വരനും കുടുംബത്തിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചു. വിവാഹ ഒരുക്കങ്ങൾക്കായി 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിയതായും വധുവിൻ്റെ പിതാവ് സുഭാഷ് ആരോപിച്ചു. സുഭാഷ് തന്റെ മകൾ ഹീനയുടെയും കുൽദീപിന്റെയും വിവാഹം ആറ് മാസം മുമ്പാണ് ഉറപ്പിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതോടെ വരന്റെ ഭാഗത്ത് നിന്ന് കാറിനും ആഭരണങ്ങൾക്കും വേണ്ടിയുള്ള ആവശ്യങ്ങൾ ഉയർന്നു തുടങ്ങി.
വരന് വേണ്ടി ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന ഒരു കാർ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, വിവാഹത്തിന് ഒരു ദിവസം മുമ്പ്, കുൽദീപിന് വാഹനത്തിൽ തൃപ്തിയില്ലെന്നും പകരം ഒരു മാരുതി ബ്രെസ്സയാണ് വേണ്ടതെന്നും ഇടനിലക്കാർ വഴിയാണ് മനസിലാക്കിയതെന്നും പരാതിയിലുണ്ട്. പിന്നാലെ, കുടുംബം നേരത്തെയുള്ള ബുക്കിംഗ് റദ്ദാക്കി ബ്രെസ്സ ബുക്ക് ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിവാഹം അടുത്തിരുന്നതിനാൽ കൃത്യസമയത്ത് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല.
വിവാഹ ദിവസം വിവാഹ വേഷത്തിൽ ഘോഷയാത്രയുമായി എത്തുന്നതിനുപകരം, കുൽദീപ് സാധാരണ വസ്ത്രം ധരിച്ച് അമ്മയോടൊപ്പം വേദിയിലെത്തി ബ്രെസ്സ എവിടെയെന്ന് അന്വേഷിക്കുകയായിരുന്നു. വാഹനം കണ്ടെത്താനാകാതെ വന്നതോടെ രണ്ട് കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും വരൻ വധുവിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയും ഹിനയുടെ സഹോദരൻ സാഹിലുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ബന്ധുക്കൾ പലതവണ കൈകൾ കൂപ്പി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ കുൽദീപിനോടും അമ്മയോടും അപേക്ഷിച്ചെങ്കിലും അവർ വിസമ്മതിക്കുകയും ഒടുവിൽ പോവുകയും ചെയ്യുകയായിരുന്നു.
കാറിന് പുറമേ വരനും അമ്മയ്ക്കും സ്വർണ്ണ മാലയും സ്വർണ്ണ കമ്മലുകളും വെള്ളി പാദസരങ്ങളും നൽകാമെന്ന് കുടുംബം സമ്മതിച്ചിരുന്നതായതും സുഭാഷിൻ്റെ പരാതിയിൽ പറയുന്നു. വരന്റെ മൂത്ത സഹോദരനും ഭാര്യാസഹോദരിക്കും ആഭരണങ്ങൾ ആവശ്യപ്പെട്ടതായും തുടർന്ന് വധുവിന്റെ കുടുംബം വീണ്ടും ആഭരണങ്ങൾ ഓർഡർ ചെയ്തതായും പരാതിയിൽ പറയുന്നു.