SOCIAL

ഫോട്ടോഷൂട്ടിനായി ആനയ്ക്ക് പെയിൻ്റടിച്ചു; സോഷ്യൽ മീഡിയയിൽ വിമർശനം

ചിത്രങ്ങൾ വൈറലാകുകയും, പിന്നാലെ സമൂഹമാധ്യമത്തിൽ വിമർശനം ഉയരുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാൻ: ഫോട്ടോ ഷൂട്ടിനായി ആനയ്ക്ക് പെയിൻ്റടിച്ച ഫോട്ടോഗ്രാഫര്‍ക്ക് വിമര്‍ശനം. ജയ്‌പൂരിലാണ് ആനയ്ക്ക് പിങ്ക് നിറം പൂശി ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫര്‍ ജൂലിയ ബുരുലേവ ഈ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുകയും, ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. പിന്നാലെ സമൂഹമാധ്യമത്തിൽ വിമർശനം ഉയരുകയായിരുന്നു.

ഈ ഷൂട്ടിനായി ഇന്ത്യയിലേക്ക് വന്നത് തന്നെ വിലമതിക്കുന്ന അനുഭവമായിരുന്നു എന്ന് ജൂലിയ ബുരുലേവ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ആറ് ആഴ്ച ജയ്പൂരിൽ ചെലവഴിച്ചു. അപ്പോഴാണ് പുതിയ ഒരു ആശയം തോന്നിയത്. രാജസ്ഥാൻ്റെ പ്രധാന സാംസ്കാരിക പ്രതീകമായ ആനയെ ചിത്രീകരിക്കുക എന്നതായിരുന്നു അത്. പരമ്പരാഗത രാജസ്ഥാനി ഗേറ്റുകൾക്ക് മുന്നിൽ നിൽക്കുന്ന ഒരു പിങ്ക് ആന. അതായിരുന്നു ആ ആശയം. ഇവിടെ എല്ലായിടത്തും ആനകളാണ്. തെരുവുകളിലും, അലങ്കാരങ്ങളിലും, വാസ്തുവിദ്യയിലും. അതുകൊണ്ട് തന്നെ ആനയെ ഉൾപ്പെടുത്താതെ പോകാൻ എനിക്ക് കഴിഞ്ഞില്ലെന്നും ജൂലിയ ബുരുലേവ കുറിച്ചു.

ഇവിടുത്തെ ജനങ്ങൾ വിവിധ ആഘോഷങ്ങൾക്ക് ആനകളെ അലങ്കരിക്കാറുണ്ട്. അതുകൊണ്ട് രാജസ്ഥാനിലെ ഏറ്റവും ജനപ്രിയമായ നിറമായ പിങ്ക് നിറം ഇതിനായി ഞാൻ തിരഞ്ഞെടുക്കുകയായിരുന്നു. ആനയെ ചായം പൂശുന്നതിലെ പ്രതിസന്ധികളെ പറ്റിയും ജൂലിയ ബുരുലേവ എഴുതിയിട്ടുണ്ട്. പല ഫാമുകളും സന്ദർശിച്ചെന്നും ഏറ്റവും സഹകരിക്കാന്‍ തയ്യാറായവരുടെ അടുത്തേക്ക് ഗൗരവം ബോധ്യപ്പെടുത്താനായി നാല് തവണ പോകേണ്ടി വന്നു.

ലൊക്കേഷൻ കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഗണപതി ക്ഷേത്രം കണ്ടെത്തുകയായിരുന്നു. ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന അതേതരം ജൈവ നിറങ്ങൾ ആയതുകൊണ്ട് തന്നെ ആനയ്ക്ക് പൂർണമായും സുരക്ഷിതമാണെന്നും ജൂലിയ ബുരുലേവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻ്റർനെറ്റ് ഉപയോക്താക്കളും വന്യജീവി സ്നേഹികളും ഫോട്ടോഷൂട്ടിനെ മൃഗപീഡനം എന്നും ചൂഷണം എന്നുമടക്കമുള്ള കമൻ്റുകളിട്ട് വിമർശിച്ചു. ജീവനുള്ള ഒരു മൃഗത്തെയും ഇങ്ങനെ ചെയ്യുന്നത് അനീതിയാണെന്ന് പല ഉപയോക്താക്കളും വാദിച്ചു. ഇതിനുപകരം എഐ സംവിധാനം ഉപയോഗിക്കാമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT