ജീവനക്കാരൻ മാലിന്യം തട്ടുന്നതിൻ്റെ ദൃശ്യങ്ങൾ Source: Instagram
SOCIAL

ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യം ട്രാക്കിലേക്ക് തട്ടി ജീവനക്കാരൻ; ചർച്ചയായി വിദേശ സഞ്ചാരി പങ്കുവച്ച വീഡിയോ

ബാക്ക്പാക്കർ ബെൻ എന്ന ഇൻസ്റ്റഗ്രാമറാണ് വീഡിയോ പങ്കുവച്ചത്...

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെ വിദേശ വിനോദ സഞ്ചാരികൾ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലാകെ ചർച്ചയാകുകയാണ്. ഇന്ത്യയിലെ ട്രെയിനുകൾ എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. ബാക്ക്പാക്കർ ബെൻ എന്ന ഇൻസ്റ്റഗ്രാമറാണ് വീഡിയോ പങ്കുവച്ചത്.

റെയിൽവേ ജീവനക്കാരൻ ഒരു വൈപ്പർ ഉപയോഗിച്ച് ട്രെയിൻ വൃത്തിയാക്കി, പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ട്രാക്കിലേക്ക് തള്ളുന്നതിൻ്റെ ദൃശ്യമാണ് സഞ്ചാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഓൺ-ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് യൂണിഫോം ധരിച്ച ജീവനക്കാരനാണ് ട്രെയിൻ വൃത്തിയാക്കിയത്. വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഒരു കൂസലുമില്ലാതെയാണ് ജീവനക്കാർ മാലിന്യം വലിച്ചെറിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികൾ, പൊതികൾ, കടലാസ്, മറ്റ് മാലിന്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് ജീവനക്കാരൻ വലിച്ചെറിഞ്ഞത്.

ബെൻ തനിക്ക് ജീവനക്കാരൻ്റെ ഈ പ്രവർത്തി വിശ്വസിക്കാനാകുന്നില്ലെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ബെനിനോടൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് "അയാൾ കരുതുന്നത് അയാൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ്" എന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം. "ബഹുമാന്യരേ, ഇന്ത്യയിലെ തീവണ്ടികളിലേക്ക് സ്വാഗതം," എന്ന് പറഞ്ഞാണ് ബെൻ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ഇതിനകം മൂന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

SCROLL FOR NEXT