

സേലം: തിരക്കേറിയ റോഡിലൂടെ വാഹനം മുന്നോട്ട് നീങ്ങുമ്പോഴാണ് കാറിൻ്റെ സൈഡ് മിററിൽ ഒരു അനക്കം ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കിയപ്പോൾ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും!
മിററിൻ്റെ മൂലയിൽ കാണാമായിരുന്ന ചെറിയൊരു ദ്വാരത്തിലൂടെ ഒരു പാമ്പിൻ്റെ തല പുറത്തേക്ക് നീണ്ടുവരുന്നു. പിന്നാലെ അതിൻ്റെ ശരീരം പൂർണമായും പുറത്തേക്ക് വരികയും ചെയ്തു. കാറിൻ്റെ വേഗതയിൽ തെറിച്ചുപോകാതിരിക്കാൻ മിറർ ഗ്ലാസിന് മുകളിലൂടെ ചുറ്റിവരിഞ്ഞ് കിടക്കുകയാണ് ആശാൻ.
തമിഴ്നാട്ടിലെ നാമക്കൽ-സേലം റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ ഡ്രൈവർ പകർത്തിയ നടുക്കം സമ്മാനിക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാർ അരികത്തേക്ക് ചേർത്ത് നിർത്തിയ ശേഷമാണ് മിറർ ഗ്ലാസിൽ ഒളിച്ചിരുക്കുന്ന പാമ്പിൻ്റെ വീഡിയോ ഡ്രൈവർ പകർത്തിയത്.
കാർ യാത്രികർക്ക് നടുക്കം സമ്മാനിക്കുന്ന വീഡിയോ ആണിത്. വാഹനത്തിൽ യാത്ര ആരംഭിക്കുന്നതിന് മുൻപ് ഇത്തരം അപകട സാഹചര്യങ്ങൾ ഒഴിവാക്കാനായി വണ്ടിയുടെ ഉൾവശവും മറ്റു ഭാഗങ്ങളും ശ്രദ്ധിക്കണമെന്ന വലിയ പാഠമാണ് ഈ വീഡിയോ നൽകുന്നതെന്ന് അധികൃതർ സൂചിപ്പിക്കുന്നത്.
കാടുമൂടിയ പ്രദേശങ്ങളിൽ വാഹനങ്ങൾ ദീർഘസമയം നിർത്തിയിട്ട ശേഷം യാത്ര തുടരുമ്പോൾ നല്ലവണ്ണം ശ്രദ്ധിക്കണമെന്നും അവർ നിർദേശിക്കുന്നുണ്ട്. അൽപ്പം ജാഗ്രത പാലിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാമെന്ന വലിയ പാഠമാണ് ഈ സംഭവം നമ്മളെ ഓർമിപ്പിക്കുന്നത്.