Image: Instagram  
SOCIAL

സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണമില്ല, മറ്റ് സ്ത്രീകള്‍ക്കു വേണ്ടി ചെലവഴിക്കാനുണ്ട്; മുഹമ്മദ് ഷമിക്കെതിരെ മുന്‍ഭാര്യ

മകളുടെ വിദ്യാഭ്യാസസത്തില്‍ പോലും ശ്രദ്ധയില്ലാത്ത പിതാവാണ് ഷമിയെന്നും മുൻഭാര്യ

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണവുമായി മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഷമിക്കെതിരെ ഹസീന്‍ ജഹാന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മകളുടെ വിദ്യാഭ്യാസസത്തില്‍ പോലും ശ്രദ്ധയില്ലാത്ത പിതാവാണ് ഷമിയെന്നും ഹസീന്‍ ജഹാന്‍ പറയുന്നു.

ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഹസീന്‍ ജഹാന്‍ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ 'സ്ത്രീലമ്പടന്‍' എന്നാണ് ഹസീന്‍ ജഹാന്‍ വിളിച്ചത്. മകളെക്കാളും താത്പര്യം പെണ്‍സുഹൃത്തുക്കളോടാണെന്നും അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നു. എന്നാല്‍, മകളുടെ സ്‌കൂള്‍ ഫീസ് അടക്കാനോ വിദ്യാഭ്യാസത്തിനോ താത്പര്യമില്ല.

മകള്‍ മികച്ച ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയതിനെ കുറിച്ചുള്ള പോസ്റ്റിലാണ് മുന്‍ ഭര്‍ത്താവിനെതിരെ ഹസീന്‍ ജഹാന്റെ ആരോപണങ്ങള്‍. മകളുടെ അച്ഛന്‍ കോടീശ്വരനായിട്ടും കുട്ടിയുടെ ജീവിതം വെച്ച് കളിക്കുകയാണ്. അയാള്‍ പെണ്‍സുഹൃത്തിന്റെ കുട്ടികളെ മികച്ച സ്‌കൂളില്‍ പഠിപ്പിക്കുന്നു, മറ്റ് ചിലരുടെ ബിസിനസ് ക്ലാസ് ഫ്‌ളൈറ്റിനു വേണ്ടി ലക്ഷങ്ങള്‍ പൊടിക്കുന്നു, എന്നാല്‍, സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണമില്ലെന്ന് പറയുന്നു.

2014 ലായിരുന്നു മുന്‍ മോഡല്‍ ആയ ഹസീന്‍ ജഹാനും ഷമിയും തമ്മിലുള്ള വിവാഹം. 2015 ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായി. 2018 ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചായിരുന്നു വിവാഹമോചനം.

മുന്‍ ഭാര്യക്കും മകള്‍ക്കും ഷമി മാസം 4 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മുന്‍ ഭാര്യക്ക് 1.50 ലക്ഷം രൂപയും മകള്‍ക്ക് 2.50 ലക്ഷം രൂപയും എല്ലാ മാസവും നല്‍കാനായിരുന്നു ഉത്തരവ്.

SCROLL FOR NEXT