ന്യൂജേഴ്‌സി: ജെറ്റ് ബോയിങ് 767 യാത്രാവിമാനത്തിൻ്റെ ടയർ ട്രക്കിൽ ഉരസിയുണ്ടായ അപകടത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബേക്കറിയുമായി ശ്യംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി ഡ്രൈവര്‍ തിരക്കേറിയ ഹൈവേയിലൂടെ വാഹനമോടിച്ചു വരുമ്പോഴാണ് താഴ്ന്നു പറന്ന വിമാനത്തിൻ്റെ ടയർ ട്രക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. സിബിഎസ് ന്യൂസ് സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംഭവം വൈറല്‍ ആകുകയായിരുന്നു.
യുഎസിലെ ന്യൂജേഴ്‌സി ടേണ്‍പൈക്കിലൂടെ ബേക്കറി ഡ്രൈവര്‍ ഡെലിവറി ട്രക്ക് ഓടിച്ചുപോകുമ്പോഴാണ് ബോയിങ് വിമാനം നൊവാര്‍ക്ക് ലിബര്‍ട്ടി ഇൻ്റര്‍നാഷണല്‍ എയര്‍പോട്ടില്‍ ഇറങ്ങാനായി താഴ്ന്നു പറന്നത്. തുടര്‍ന്ന് വിമാനത്തിൻ്റെ ടയർ ട്രക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ വാരന്‍ ബ്രോഡ്‌ലി ജൂനിയര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ആഴ്ചയില്‍ അഞ്ച് ദിവസവും ഈ റൂട്ടിലാണ് യാത്ര ചെയ്യുന്നത്.
വിമാനത്തിൻ്റെ ലാന്‍ഡിങ് ടയറുകളിലൊന്ന് ട്രക്കിന്റെ വിന്‍ഡോ തകര്‍ക്കുകയും കുപ്പിച്ചില്ലുകള്‍ ക്യാബിനുള്ളിലാകെ തെറിക്കുകയും ചെയ്തു. സംഭവത്തില്‍ ഡ്രൈവർ ബ്രോഡ്‌ലിക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് കുറച്ചുസമയത്തിനകം തന്നെ ബ്രോഡ്‌ലിക്ക് പിതാവിനെ വിവരമറിയിച്ചു.
അതേസമയം, 231 യാത്രക്കാരുമായി വെനീസില്‍ നിന്നും വന്ന ബോയിങ് വിമാനം സുരക്ഷിതമായി എയര്‍പോർട്ടില്‍ ലാന്‍ഡ് ചെയ്തു. ബോയിങ് വിമാനത്തിലെ യാത്രക്കാര്‍ക്കും പൈലറ്റിനും പരിക്കുകളില്ല. സംഭവത്തില്‍ ഫ്ലൈറ്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തുമെന്നും പൈലറ്റിനെ സര്‍വീസില്‍ നിന്ന് മാറ്റിയതായും യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.