"എനിക്ക് കരച്ചിലടക്കാനാവുന്നില്ല", ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ടിട്ടും പ്രതിയെ പിടികൂടിയില്ല, പ്രതിഷേധിച്ച് പാർവതി തിരുവോത്ത്

കുറ്റാരോപിതനായ തൊഴിലുടമയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ പാർവതി വിമർശിച്ചു.
Parvathy Thiruvoth condemns the killing of malayali Women in Bengaluru
Published on
Updated on

കൊച്ചി: തൊഴിലുടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമർദനത്തിന് ഇരയായി മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി നടി പാർവതി തിരുവോത്ത്. ബെംഗളൂരുവിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം നിരാശയും പ്രതിഷേധവും പങ്കുവച്ചത്. കുറ്റാരോപിതനായ തൊഴിലുടമയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനേയും പാർവതി വിമർശിച്ചു. പാർവതിക്ക് വ്യക്തിപരമായി പരിചയവും അടുപ്പവും ഉള്ള ആളായിരുന്നു സുനിത സ്മിത.

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ കൊലയാളിയുടെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടിരിക്കുന്നു. ഈ വിവരം അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല. സുനിതയുടെ തൊഴിലുടമ ആരാണ്? അയാൾ എന്തുകൊണ്ടാണ് ഇപ്പോഴും നിയമത്തിന് മുന്നിൽ വരാത്തത്. ഇതിലൊന്നും നമുക്ക് അത്ഭുതം തോന്നാത്തത് എന്തുകൊണ്ടാണ്?,” പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Parvathy Thiruvoth condemns the killing of malayali Women in Bengaluru
ഇതാണ് ബേസിലിന്റെ 'പട്ടി ഷോ'; 'അതിരടി'യിലെ വൈബ് പാട്ട് പുറത്ത്

മറ്റൊരു കുറിപ്പിൽ സുനിതയുടെ ജീവിതത്തെക്കുറിച്ചും താരം വൈകാരികമായി പ്രതികരിച്ചു. "ഭർത്താവും നാലു വയസുകാരനായ മകനും താൻ സംരക്ഷിച്ചുപോന്ന 167 നായകൾക്കും ഒപ്പമായിരുന്നു സുനിതയുടെ ജീവിതം. നായകളെ രക്ഷിക്കുന്നതിനിടയിൽ പലതവണ അവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിക്കുത്തും പൊള്ളലുമടക്കം പലതിനേയും അവർ അതിജീവിച്ചു. ഒടുവിൽ തൻ്റെ കുടുംബത്തേയും നായകളേയും പോറ്റാൻ വരുമാനം കണ്ടെത്താനാണ് ആ കൊലപാതകിയുടെ കീഴിൽ ജോലിക്ക് ചേർന്നത്. ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചോ? എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല,” തകർന്ന മനസോടെ പാർവതി കുറിച്ചു.

"പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യമാണിതെന്ന് നാം അവകാശപ്പെടുമ്പോഴും ഇത്തരം ക്രൂരതകൾ തുടരുന്നത് എന്തുകൊണ്ടാണ്. അവളെ കീഴ്പ്പെടുത്താൻ കഴിയാത്തതു കൊണ്ട് ആ മനുഷ്യൻ അവളെ തല്ലിക്കൊന്നു. ഇത് ആദ്യത്തേയോ അവസാനത്തേയോ സംഭവമായിരിക്കില്ല. എന്നിട്ടും നമുക്ക് എന്തിനാണ് ഫെമിനിസം എന്ന് ചോദിക്കുന്നവരുണ്ട്,” പാർവതി പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Parvathy Thiruvoth condemns the killing of malayali Women in Bengaluru
അലക്സ് പോളിന്റെ മകൾ അശ്വതി സംവിധാന രംഗത്തേക്ക്; 'ലൗ ആൻഡ് യൂ' പൂർത്തിയായി

ബെംഗളൂരു നഗരത്തിൽ നിന്ന് മാറി ഒരു ഉൾഗ്രാമത്തിൽ മലയാളി നടത്തുന്ന തെരുവുനായ സംരക്ഷണ കേന്ദ്രത്തിലാണ് സുനിതയ്ക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണനാണ് സുനിതയെ ജോലിക്കായി ഇവിടേക്ക് വരുത്തിച്ചത്. ഇയാളിൽ നിന്നുണ്ടായ ലൈംഗികാതിക്രമ ശ്രമം സുനിത ചെറുത്തതോടെ അയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. ദീപക് കൃഷ്ണൻ സുനിതയുടെ തല ചുമരിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഈ സംഭവത്തിൽ സാരമായി പരിക്കേറ്റ സുനിത തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

മുമ്പ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ വ്യക്തിയാണ് സുനിത. ഈ സംഭവത്തിന് പിന്നാലെ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും കള്ളക്കേസുകളിൽ കുടുക്കുകയാണെന്നും സുനിത പരാതിപ്പെട്ടിരുന്നു. ഇത്തരത്തിൽ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹായവാഗ്ദാനവുമായി ദീപക് കൃഷ്ണൻ സുനിതയെ സമീപിച്ചത്. സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com