ഇൻസ്റ്റഗ്രാമിൽ റീലുകൾ ഷൂട്ട് ചെയ്യുന്നത് പലർക്കും വിനോദത്തിനുള്ള ഉപാധിയാണെങ്കിൽ മറ്റു ചിലർക്കത് വരുമാന മാർഗമാണ്. എന്നാൽ ഇതിൽ രണ്ടിലും പെടാതെ ഒരു അഡിക്ഷനായും റീൽസ ഷൂട്ടിങ് മാറാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ നിന്നും പുറത്തുവരുന്നത്. വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ രണ്ട് ഫോളോവേഴ്സിനെ നഷ്ടമായതിന് പിന്നാലെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഒരു യുവതി.
ഭർത്താവ് നിരന്തരം വീട്ടുജോലി ചെയ്യിക്കുന്നതിനാൽ തനിക്ക് റീൽസ് ഷൂട്ട് ചെയ്യാൻ സമയം കിട്ടുന്നില്ലെന്നാണ് നിഷ എന്ന യുവതിയുടെ പരാതി. റീൽസ് ഷൂട്ടിങ് മുടങ്ങിയതോടെ രണ്ട് ഫോളോവേഴ്സിനെ നഷ്ടമായെന്നും നിഷ പറയുന്നു. വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഭർത്താവിൻ്റെ നിർബന്ധമാണ് ഫോളോവേഴ്സ് കുറയാൻ കാരണമെന്നും നിഷ പൊലീസിനോട് പറഞ്ഞു.
നിഷ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണമെന്ന ഭർത്താവ് വിജേന്ദ്രയുടെ നിർദേശം ഇരുവരുടെയും ബന്ധത്തെ ബാധിച്ചിരുന്നു. പിന്നാലെ നിഷ കുറച്ചു കാലം ഇൻസ്റ്റാഗ്രാം ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ തുടർന്ന് നിഷയ്ക്ക് രണ്ട് ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. ഇതോടെ രോഷാകുലയായ നിഷ ഹാപൂർ ജില്ലയിലെ പിൽഖുവയിലുള്ള അമ്മ വീട്ടിലേക്ക് പോയി. തുടർന്നാണ് നിഷ ഹാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
"എന്റെ ഭർത്താവ് എന്നെ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചു. പാത്രങ്ങൾ കഴുകുന്നതിലും, വീട് വൃത്തിയാക്കുന്നതിലും തിരക്കിലാക്കിയതിനാൽ എനിക്ക് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു. റീലുകൾ നിർമിക്കാൻ എനിക്ക് സമയം ലഭിച്ചില്ല," നിഷ പൊലീസിനോട് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ ദിവസവും രണ്ട് റീലുകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും നിഷ കൂട്ടിച്ചേർത്തു.
അതേസമയം നിഷയുടെ പരാതിക്ക് പിന്നാലെ ഭാര്യ എപ്പോഴും ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് കൊണ്ടിരിക്കുകയാണെന്നും വീട്ടുജോലികൾ അവഗണിക്കുന്നുണ്ടെന്നും ആരോപിച്ച് ഭർത്താവ് വിജേന്ദ്രയും പൊലീസിൽ പരാതി നൽകി.
എബിപി ന്യൂസ് റിപ്പോർട്ട് അനുസരിച്ച് , വനിതാ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അരുണ റായ് ഇരു കക്ഷികളെയുമായി നാല് മണിക്കൂറോളം സംസാരിച്ചു. ദാമ്പത്യ ഐക്യത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇരുവർക്കും കൗൺസിലിങ് നൽകി. ഇരുവരും പ്രശ്നങ്ങൾ മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്.