ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം ഇൻ്റർനെറ്റിൽ പലകുറി ചർച്ചയായിട്ടുണ്ട്. ജോർജിയ മേലോണിക്ക് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വ്യക്തമാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വൈറ്റ് ഹൗസിൽ ഒരു മീറ്റിങ്ങിന് പോയ മെലോണി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സഹായിയോട് നമസ്തേ പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വൈറ്റ് ഹൗസിൽ എത്തിയപ്പോഴാണ് ചെറുതും, വളരെ അപ്രതീക്ഷിതവുമായ ആ കൈമാറ്റം നടന്നത്. പതിവ് ഹസ്തദാനങ്ങൾക്കും ഔപചാരിക പരിചയപ്പെടുത്തലുകൾക്കുമിടയിൽ മെലോണി നമസ്തേ പറഞ്ഞത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനെ 'മോദി എഫക്റ്റ്' എന്നാണ് നെറ്റിസൺസ് വിളിക്കുന്നത്.
ഇതാദ്യമായല്ല മെലോണി ആളുകളോട് നമസ്തേ പറയുന്നത്. 2024 ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്തതിലൂടെ അവർ മുമ്പും വാർത്തകളിൽ ഇടം നേടിയിരുന്നു.
അതേസമയം യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ നടന്ന ചർച്ച ഫലപ്രദമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സെലൻസ്കിയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രമീകരണം ഒരുക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്ക - റഷ്യ - യുക്രെയ്ൻ ത്രികക്ഷി ചർച്ച നടത്താനും ഉച്ചകോടിയിൽ തീരുമാനമായി. സമാധാന ഉടമ്പടി സാധ്യമാണോ അല്ലയോ എന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയാമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിനന്ദിച്ചു.