നഗ്രത്ത് ചൗക്കിലെ തിരക്കേറിയ പാതയിലാണ് കൗതുകകരമായ കുതിര ഫൈറ്റ് അരങ്ങേറിയത്. Source: NDTV
SOCIAL

ജനത്തെ വലച്ച് നടുറോഡിലെ കുതിര ഫൈറ്റ്; ഒരെണ്ണം ഓട്ടോറിക്ഷയിൽ കുടുങ്ങി - വീഡിയോ

ഒരേസമയം ഭയാനകവും കൗതുകകരവുമായ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലെ ജബൽപൂരിൽ കഴിഞ്ഞ ദിവസം നടുറോഡിൽ പരസ്പരം ഏറ്റുമുട്ടി രണ്ട് കുതിരകൾ. ഒരേസമയം ഭയാനകവും കൗതുകകരവുമായ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൊരിഞ്ഞ തെരുവ് യുദ്ധത്തിനിടെ കുതിരകളിൽ ഒരാൾ ഓടിയൊളിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോറിക്ഷയുടെ ഉള്ളിലേക്കായിരുന്നു. എതിരാളിയുടെ ആയോധന മുറകളിൽ നിന്ന് രക്ഷപ്പെടാൻ ഇവൻ കണ്ടെത്തിയ പതിനെട്ടാമത്തെ അടവായിരുന്നു ഓട്ടോറിക്ഷ വഴിയുള്ള 'ഗ്രാൻഡ് എസ്കേപ്പ്'.

എന്നാൽ, ആശാന് അമളി പിണഞ്ഞെന്ന് മനസിലായത് അൽപ്പം കഴിഞ്ഞായിരുന്നു. നഗ്രത്ത് ചൗക്കിലെ തിരക്കേറിയ പാതയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. അടി തുടങ്ങിയത് റോഡിലാണ്, ശേഷം ഇരുവരും അടുത്തുള്ള ഷോറൂമിലേക്കും ഓടിക്കയറി വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു.

അവിടെയും തീരാതെ അടി വീണ്ടും റോഡിലേക്ക് തന്നെ തിരിച്ചെത്തിയപ്പോഴാണ് കൂട്ടത്തിലൊരാൾ ഓട്ടോറിക്ഷയിൽ ഒളിക്കാൻ ശ്രമിച്ചതും ട്രാപ്പിലായതും! സംഭവത്തിൽ ഇ- ഓട്ടോ ഓടിച്ച ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുതിര ഓട്ടോയിൽ കുടുങ്ങിപ്പോവുകയും ഏകദേശം 20 മിനിറ്റോളം കുടുങ്ങിക്കിടക്കുകയും ചെയ്തു. വൈകാതെ നാട്ടുകാർ ഇടപെട്ട് അതിനെ പുറത്തിറക്കി. കുതിരയ്ക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി കവലയിൽ കുതിരകൾ വഴക്കിടുന്നത് കണ്ടതായും അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.

SCROLL FOR NEXT