സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച വിൻസ്‌മേര ജൂവലേഴ്‌സിന്റെ പരസ്യചിത്രം. മോഹൻലാലിന്റെ അഭിനയമികവിലാണ് പരസ്യം ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യചിത്രത്തിലെത്തുന്നത്. പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.
ഭാവമാറ്റത്തിന്റെ നവ്യാനുഭവമാണ് വിൻസ്മേര ജുവലേഴ്സിൻ്റെ പരസ്യചിത്രം പകരുന്നത്. ഇത് മോഹൻലാൽ ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായി. പങ്കുവെച്ച് 24 മണിക്കൂർ തികയും മുൻപേ 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
ലാലേട്ടനെ വ്യത്യസ്തമായി കാണാൻ കഴിഞ്ഞെന്നാണ് ഒരു ഉപയോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചത്. 'വാനപ്രസ്ഥം', 'കമലദളം' തുടങ്ങിയ മാസ്റ്റർപീസ് ചിത്രങ്ങളെ ഓർമ വന്നതായും ആരാധാകർ പറയുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലെ സന്തോഷം പ്രകടിപ്പിക്കുകയാണ് ചിലർ.
മോഹൻലാലും വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. "നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു," മോഹൻലാൽ കുറിച്ചു.