മനുഷ്യന്‍, മനുഷ്യത്വം... ഈ വാക്കുകള്‍ അതിന്റെ പൂര്‍ണാര്‍ഥം കണ്ടെത്തുന്നത് നാം പരസ്പരം ചേർന്നു നില്‍ക്കുന്ന ചില നിമിഷങ്ങളിലാണ്. സ്നേഹബന്ധങ്ങള്‍ക്കും വികാരവായ്പ്പുകള്‍ക്കും കാലദേശാതിര്‍ത്തികള്‍ ഭേദിക്കാന്‍ കഴിയുമെന്നത് വെറും വാചകം അല്ല; ജീവിതം നമ്മെ വീണ്ടും വീണ്ടും പഠിപ്പിക്കുന്ന സത്യമാണ്. ദൈന്യതയില്‍ കാണിക്കുന്ന ഔദാര്യം എന്നതിലുപരി, മനസലിവോടെയുള്ള അനുകമ്പയുടെ നൂലുകളാലാണ് മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ നെയ്തെടുത്തിരിക്കുന്നത്. ഒരുപരിചയവുമില്ലാത്തവരുടെ വേദനയില്‍ ശബ്ദമുയര്‍ത്താനും, നീതിയുടെ പക്ഷത്ത് അണിചേരാനും, ആശ്വാസത്തോടെ ഒന്നു ചേര്‍ത്തുപിടിക്കാനും മുന്നോട്ടുവരുന്നവര്‍ തന്നെയാണ് പ്രതീക്ഷയുടെ ദീപം കെടാതെ സൂക്ഷിക്കുന്നവര്‍.
കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളിലൂടെ ഇത്തരം രണ്ടു മാതൃകകള്‍ നാം കണ്ടു. മനുഷ്യനെന്ന വാക്കിന്റെ ആഴം വീണ്ടും ഓര്‍മിപ്പിച്ച രണ്ട് നിമിഷങ്ങള്‍. ഒന്നിന് വേദിയായത് കേരളമാണ്. സ്വന്തം നാടിന്റെ അവസ്ഥ പറഞ്ഞ് വാക്കുകളിടറുന്ന വയോധികനായ ഒരു രാഷ്ട്രീയനേതാവിനെ നാം കണ്ടു. ആ നിമിഷം, രാഷ്ട്രീയം മാഞ്ഞു; അവശേഷിച്ചത് ഒരുതരം വേദന മാത്രമായിരുന്നു. “ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അറിയാമോ?” എന്ന ചോദ്യവുമായി കേള്‍വിക്കാരിലേക്ക് കൂടി അത് പകര്‍ത്തിയത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള ആയിരുന്നു.
കേരള സര്‍ക്കാരിന്റെ വിഷന്‍ 2031 കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളന വേദിയില്‍ ഫറൂഖ് അബ്‌ദുള്ള പറഞ്ഞ വാക്കുകള്‍ മറക്കാന്‍ പാടുള്ളതല്ല. സത്യം പറയാന്‍ പ്രയാസപ്പെടുന്ന കാലം. നുണകള്‍ ശക്തിയാര്‍ജിക്കുന്ന കാലം. ഹിറ്റ്ലറുടെ കാലത്തും അതായിരുന്നു സ്ഥിതി എന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ ജനാധിപത്യാവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം നഷ്ടപ്പെട്ടതും, കേന്ദ്രഭരണ പ്രദേശമായി മാറിയതുമൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. പുൽവാമയും പഹൽഗാമും പോലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, “ഭീകരവാദം അവസാനിച്ചോ?” എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.
നാനാത്വം തകര്‍ന്നാല്‍ ഇന്ത്യ ഇല്ലാതാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വെറും രാഷ്ട്രീയ പ്രസ്താവനയല്ലായിരുന്നു; വൈവിധ്യത്തില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ ആശങ്കയുടെ നിഴല്‍ അതില്‍ വീണിരുന്നു. കേരളത്തിന്റെ മതനിരപേക്ഷതയെ പ്രശംസിച്ചും, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആശങ്കയും പങ്കുവച്ച ആ പ്രസംഗം പലരുടെയും ഉള്ളിലൊരു കനലായാണ് പതിഞ്ഞത്. സംസാരത്തിനിടെ അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. വികാരാധീനനായി അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടിത്തത്തില്‍ രാഷ്ട്രീയം ഇല്ലായിരുന്നു; മനുഷ്യന്റെ വേദനയെയും അത് തിരിച്ചറിയുന്ന മനസലിവിനെയും ചേര്‍ത്തുനിര്‍ത്തിയ ഒരു മൗനസാക്ഷ്യം ആയിരുന്നു അത്.
മറ്റൊരു വാര്‍ത്ത, രാജ്യാതിര്‍ത്തികളെ മായ്ക്കുന്നതായിരുന്നു. പാകിസ്ഥാനില്‍, ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ടതായിരുന്നു അത്. ഇമ്രാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പരിപൂര്‍ണമായി നഷ്ടപ്പെടുകയാണെന്ന വിവരം ക്രിക്കറ്റ് ലോകത്തിന് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. ലോക ക്രിക്കറ്റിലെ മുന്‍ നായകര്‍ ഇമ്രാന് മാന്യമായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇന്ത്യന്‍ ഇതിഹാസങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ, ഓസ്ട്രേലിയയില്‍നിന്ന് അലൻ ബോർഡർ, സ്റ്റീവ് വോ, ഇംഗ്ലണ്ടിലെ മൈക്കൽ ആതർട്ടൺ, വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ് തുടങ്ങി 14 മുന്‍ ക്യാപ്റ്റന്മാര്‍ ഒപ്പുവെച്ച നിവേദനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നല്‍കി.
പാകിസ്ഥാനായി ലോകകിരീടം ഉയര്‍ത്തിയ നായകന്‍, ജയിലില്‍ കാഴ്ച നഷ്ടപ്പെട്ട് കഴിയുന്നു എന്നത് ക്രിക്കറ്റ് ലോകത്തിനൊരു വേദനയാണ്. ഗ്രൗണ്ടില്‍ ഒരിക്കല്‍ എതിരാളികളായി വീറും വാശിയും പ്രകടിപ്പിച്ചവര്‍, അതെല്ലാം മറന്ന് ഇന്ന് സഹാനുഭൂതിയുടെ കൈ നീട്ടുന്നു. രാഷ്ട്രീയവും, ഭരണകൂടവും വരച്ചുവച്ച അതിര്‍ത്തികള്‍ക്കും മേലെയാണ് കരുണയും സ്നേഹവുമെന്ന സാക്ഷ്യപ്പെടുത്തല്‍. പരസ്പരം കൈകൊടുക്കാന്‍ തയ്യാറാകാതെ കളിക്കളത്തിലേക്ക് രാഷ്ട്രീയത്തെ വലിച്ചിടുന്നവര്‍ക്കും അനുകരിക്കാവുന്ന മാതൃക.
ഒരു വേദിയില്‍ ഒരാള്‍ കണ്ണീരോടെ മറ്റൊരാളെ ആശ്ലേഷിക്കുന്നു. മറ്റൊരിടത്ത്, കളിക്കളത്തില്‍ മാത്രം പോരടിച്ച പ്രിയതാരത്തിനായി കായികതാരങ്ങള്‍ ഒരുമിക്കുന്നു. ഈ രണ്ടു ദൃശ്യങ്ങളും ഒരു കാര്യം തന്നെയാണ് നമ്മോട് പറയുന്നത്. മനുഷ്യന്‍ എന്ന വാക്കിന്റെ മഹത്വം അധികാരത്തിലല്ല, അനുകമ്പയിലാണ്. മനുഷ്യരെ കൂട്ടിനിര്‍ത്തുന്നത് രാഷ്ട്രീയം അല്ല കരുണയാണ്, മതം അല്ല മനുഷ്യത്വമാണ്, അതിരുകള്‍ അല്ല മനസ് നിറഞ്ഞ ഒരു ആശ്ലേഷമാണ്. ഫറൂഖ് അബ്‌ദുള്ളയുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍, സത്യവും നീതിയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണിത്. പക്ഷേ ഓരോ തവണയും, ആരെങ്കിലുമൊക്കെ ഇത്തരത്തില്‍ മുന്നോട്ടു വരുമ്പോഴാണ് പ്രതീക്ഷകള്‍ പുലരുന്നത്. സ്വാര്‍ഥതയുടെ കയ്പ്പ് പടരാത്ത സ്നേഹം തന്നെയാണ് മനുഷ്യത്വം. അതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.