വീഡിയോയിലെ ദൃശ്യങ്ങൾ Source: Instagram
SOCIAL

"സമൂസ, സമൂസ..."; ലണ്ടനിലെ ട്രെയിനിൽ സമൂസ വിൽപ്പനയുമായി യുവാവ്; ഇന്ത്യക്കാരെ നാണം കെടുത്തരുതെന്ന് ഇൻ്റർനെറ്റ് ലോകം

ഇന്ത്യൻ വേഷത്തിൽ കഴുത്തിലൊരു ട്രേ തൂക്കിയാണ് ഇയാൾ സമൂസ വിൽക്കുന്നത്

Author : പ്രണീത എന്‍.ഇ

സമൂസയും ചായയും കാപ്പിയും വിൽക്കാതെ ഇന്ത്യയിൽ ഒരു ട്രെയിൻ നമുക്ക് സങ്കൽപ്പിക്കാനേ കഴിയില്ല. എന്നാൽ ലണ്ടനിലെ ട്രെയിനിൽ സമൂസ വിൽക്കാനിറങ്ങിയെന്ന് കേട്ടാലോ? ലണ്ടനിലെ ട്രെയിനിൽ സമൂസ വിൽക്കുന്ന ഒരു ഇന്ത്യക്കാരൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

ബിഹാരി സമൂസ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ ലണ്ടനിലെ റെസ്റ്റോറന്റ് ഉടമയായ ഘണ്ടാവാല ബിഹാരി സമൂസ വിൽക്കാനിറങ്ങുന്നതായി കാണാം. സൗത്ത് ഹാരോ അണ്ടർഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിലാണ് ഇയാൾ യാത്രക്കാർക്കായി ലഘുഭക്ഷണം വിൽക്കുന്നത്. ഇന്ത്യൻ വേഷത്തിൽ കഴുത്തിലൊരു ട്രേ തൂക്കിയാണ് ഇയാൾ സമൂസ വിൽക്കുന്നത്.

"ഇവിടെയുള്ള ആളുകൾ ഇനി ക്രോസന്റ്സ് കഴിക്കില്ല, അവർ ബിഹാറിയുടെ സമൂസ കഴിക്കും" എന്ന് പറഞ്ഞാണ് സമൂസ വിൽപ്പന. വീഡിയോയിൽ ഇയാൾ അടുക്കളയിൽ സമൂസ തയ്യാറാക്കുന്നതും പിന്നീട് ട്രെയിനിൽ വിൽക്കാൻ കൊണ്ടുപോകുന്നതും കാണാം. വീഡിയോയിൽ സമൂസ വാങ്ങി കഴിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. ഏകദേശം 9.3 മില്ല്യൺ വ്യൂസുള്ള വീഡിയോ പരസ്യവീഡിയോ മാത്രമാകാനും സാധ്യതയുണ്ട്.

കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇത് ഇന്ത്യക്കാർക്കെല്ലാം നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണെന്നാണ് പലരും കമൻ്റ് ബോക്സിൽ കുറിച്ചത്. "ബ്രോ, വിൽപ്പനയ്ക്ക് വേണ്ടി, ഇന്ത്യയുടെ ബഹുമാനം മുഴുവൻ നശിപ്പിക്കരുത്," ഒരാൾ എഴുതി. "ദയവായി ഇത് എഐ ആണെന്ന് പറയൂ," മറ്റൊരാൾ കുറിച്ചു.

SCROLL FOR NEXT