

സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ബിജെപി കൗൺസിലറുടെ ഭർത്താവ് ഒരു യുവതിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തതായി പരാതി. ക്രൂരകൃത്യത്തിൻ്റെ വീഡിയോ പകർത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നതായും സ്ത്രീ പരാതിപ്പെട്ടു. രാംപൂർ ബാഗേലാൻ നഗർ പരിഷത്തിലെ ബിജെപി കൗൺസിലറുടെ ഭർത്താവ് അശോക് സിങ്ങിന് എതിരെയാണ് പരാതി ഉയർന്നത്.
തന്നെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പെൺകുട്ടി പറയുമ്പോൾ തനിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് അശോക് സിങ് ധിക്കാരത്തോടെ മറുപടി നൽകുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതും അതിജീവിതയെ ഭീഷണിപ്പെടുത്തുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ അശോക് സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
"എനിക്ക് എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പരാതിപ്പെടൂ. എനിക്ക് ഒന്നും സംഭവിക്കില്ല," എന്ന് വൈറലായ വീഡിയോയിൽ ആരോപണവിധേയനായ അശോക് സിങ് ധിക്കാരപൂർവം സംസാരിക്കുന്നതും, അതിജീവിത പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് കരയുന്നതും വ്യക്തമാണ്.
കുറ്റകൃത്യം നടന്നിട്ട് ആറ് മാസമായെന്നും തൻ്റെ ജീവനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നതിനാൽ മൗനം പാലിച്ചുവെന്നും ആരോപിച്ച് സ്ത്രീ തിങ്കളാഴ്ച സത്‌ന പൊലീസ് സൂപ്രണ്ട് ഹൻസ്‌രാജ് സിങ്ങിന് രേഖാമൂലം പരാതി നൽകി. എസ്‌പി ഉടൻ തന്നെ അന്വേഷണം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് ത്രിവേദിക്ക് കൈമാറി.
കർഹി നിവാസിയായ അശോക് സിംഗ് തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിജീവിത പൊലീസിന് പരാതി നൽകി. ഡിസംബർ 20ന് അയാൾ വീണ്ടും തന്നെ സമീപിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും വീഡിയോ പുറത്തുവിടുന്നതിലൂടെ പൊതുജനങ്ങളുടെ അവഹേളനം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
അഞ്ച് ദിവസം മുമ്പ് പൊലീസിനെ സമീപിച്ചിട്ടും ഇതുവരെ ഒരു കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തൻ്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും യുവതി ആരോപിച്ചു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ പൊലീസായിരിക്കും ഉത്തരവാദിയെന്നും അതിജീവിത മുന്നറിയിപ്പ് നൽകി. വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും തെളിവുകളും ശേഖരിച്ച് വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞു. അതേസമയം, അശോക് സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.