Influencer Pranked With 500 COD Orders 70 Cr Tank Over Diwali Sweets News Malayalam 24x7
SOCIAL

ദീപാവലി സ്വീറ്റ് ചോദിച്ച് അഡ്രസ് പങ്കുവെച്ചു; ഇൻഫ്ലുവൻസർക്ക് എത്തിയത് 500 ലധികം സിഒഡി ഓർഡറുകൾ, കൂട്ടത്തിൽ 70 കോടിയുടെ മിലിട്ടറി ടാങ്കും!

"സർ, നിങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി തുക 70 കോടി രൂപയാണ്. യുപിഐ ആണോ ക്യാഷ് ആണോ?" എന്ന തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ തരംഗമായെങ്കിലും യഥാർത്ഥത്തിൽ സംഭവം വലിയൊരു തലവേദനയാണ് സൃഷ്ടിച്ചത്.

Author : ന്യൂസ് ഡെസ്ക്

മധുരെ: ദീപാവലിക്ക് മധുരപലഹാരങ്ങൾ സമ്മാനമായി അയച്ചുതരാൻ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് സ്വന്തം വീട്ടുപേരും മേൽവിലാസവും പങ്കുവെച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ വീരമണി (@veeramani_121) എന്ന സോഷ്യൽ മീഡിയ താരത്തിന്റെ വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി വഴി അജ്ഞാതർ അയച്ചുകൊടുത്തത് 500-ലധികം ഓർഡറുകളാണ്. വെറുമൊരു ബോക്സ് സോൻപാപടിയോ ലഡ്ഡുവോ പ്രതീക്ഷിച്ച് വിലാസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീരമണിയുടെ വീട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഇ-കൊമേഴ്സ് വെയർഹൗസ് പോലെ സാധനങ്ങൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാൽ, ടിവി, റഫ്രിജറേറ്റർ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മുതൽ 70 കോടി രൂപ വിലമതിക്കുന്ന ടി-90എസ് സൈനിക ടാങ്കും പിഎസ്എൽവി റോക്കറ്റും വരെ ഓർഡർ ചെയ്ത ലിസ്റ്റിലുണ്ട്.

"സർ, നിങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി തുക 70 കോടി രൂപയാണ്. യുപിഐ ആണോ ക്യാഷ് ആണോ?" എന്ന തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ തരംഗമായെങ്കിലും യഥാർത്ഥത്തിൽ സംഭവം വലിയൊരു തലവേദനയാണ് സൃഷ്ടിച്ചത്. സാധനങ്ങൾ എത്തിക്കാനെത്തിയ പാവപ്പെട്ട ഡെലിവറി തൊഴിലാളികൾക്ക് തുടർച്ചയായ ഫോൺ കോളുകളും അനാവശ്യ യാത്രകളും കാരണം വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. ഓർഡർ ചെയ്ത സാധനങ്ങൾക്ക് പണം നൽകാനില്ലാതെ വന്നതോടെ വീരമണി കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയും, ദയവുചെയ്ത് തനിക്കെതിരായ ഈ ക്രൂരമായ പ്രാങ്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണീരോടെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് വീരമണി. തുടർച്ചയായ ഡെലിവറി ഏജന്റുമാരുടെ വരവും ഫോൺവിളികളും കാരണം ഒടുവിൽ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ട അവസ്ഥയിലാണ് നിലവിൽ ഈ ഇൻഫ്ലുവൻസർ.

ഒരു തമാശയായി തുടങ്ങിയ പ്രാങ്ക് ഒടുവിൽ ഒരു വ്യക്തിയെയും സാധാരണക്കാരായ ഡെലിവറി ജീവനക്കാരെയും ഒരുപോലെ വേട്ടയാടുന്ന സൈബർ ഉപദ്രവമായി മാറിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്. സൗജന്യ സമ്മാനങ്ങൾക്കായി സ്വന്തം സ്വകാര്യതയും വീട്ടുപേരും പരസ്യപ്പെടുത്തുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും ദീപാവലിക്ക് മധുരം പ്രതീക്ഷിച്ച് വിലാസം നൽകിയ ഇൻഫ്ലുവൻസർക്ക് നെറ്റിസൺമാർ നൽകിയ പണി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

SCROLL FOR NEXT