രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്കെത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ താമസവും, വാഹനവും, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ വിമാനവുമെല്ലാം ചർച്ചയാകുന്നതോടെ പുടിൻ്റെ സ്വത്തിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുകയാണ്.
ഔദ്യോഗിക വെളിപ്പെടുത്തലുകളനുസരിച്ച് പുടിൻ്റെ പ്രഖ്യാപിത വാർഷിക ശമ്പളം ഏകദേശം $140,000 ആണ്. കൂടാതെ അദ്ദേഹത്തിൻ്റെ വ്യക്തിഗത ആസ്തികളിൽ 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്മെൻ്റ്, ഒരു ട്രെയിലർ അടങ്ങിയ ഒരു ചെറിയ സ്ഥലം, മൂന്ന് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായിരുന്ന ബിൽ ബ്രൗഡർ പക്ഷേ പറയുന്നത് പുടിന് 200 ബില്യൺ ഡോളർ വരെ ആസ്തി ഉണ്ടെന്നാണ്. 2003-ൽ മിഖായേൽ ഖോഡോർകോവ്‌സ്‌കിയുടെ അറസ്റ്റിന് ശേഷമാണ് ഈ സമ്പത്തിൻ്റെ ഭൂരിഭാഗവും സ്വരൂപിച്ചതെന്നും ബ്രൗഡർ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയാണെങ്കിൽ, പുടിൻ ലോകത്തിലെ തന്നെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടും. അതായത് സമ്പത്തിൻ്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിനെയും മുൻ ആൽഫബെറ്റ് സിഇഒ ലാറി പേജിനെയും പോലും മറികടക്കും.
ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകൾ ഒന്നും അങ്ങനെ ഇല്ലെങ്കിലും പുടിൻ പലപ്പോഴും തൻ്റെ പ്രഖ്യാപിത വാർഷിക വരുമാനത്തിൻ്റെ പലമടങ്ങ് വിലയുള്ള ആഡംബര വാച്ചുകൾ ധരിച്ചിട്ടുള്ള ചിത്രങ്ങൾ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്.
യുകെ വിദേശകാര്യ ഓഫീസ് 2022-ൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പുടിൻ്റെ സ്വത്തുക്കളെക്കുറിച്ചുള്ള പരാമർശമുണ്ട്. 566 മില്യൺ പൗണ്ട് ( 6,000 കോടി രൂപ) വിലമതിക്കുന്ന ഒരു സൂപ്പർയാച്ചും കരിങ്കടലിലെ കുപ്രസിദ്ധമായ 1 ബില്യൺ ഡോളർ വിലമതിക്കുന്ന “പുടിൻസ് പാലസ്” ഉം പുടിൻ്റെ അടുത്ത സഹപ്രവർത്തകനായ അർക്കാഡി റോട്ടൻബെർഗിൻ്റെ ഉടമസ്ഥതയിലാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ഇതിനു പുറമേ, വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹത്തിന് ഒന്നിലധികം ആഡംബര വസതികൾ, കാറുകൾ, ഡസൻ കണക്കിന് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുള്ളതായും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതൊന്നും ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുന്നില്ല.
പുടിൻ്റെ സമ്പത്തിലുണ്ടായ വളർച്ച എങ്ങനെയാണെന്നോ സമ്പത്ത് എവിടെയാക്കെ ഒളിപ്പിച്ചിട്ടുണ്ടെന്നോ എന്ന കാര്യങ്ങളിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിശ്വസ്തരായ സഹകാരികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ എന്നിവരുടെ പേരിലും മറ്റും 100 ബില്യൺ മുതൽ 160 ബില്യൺ ഡോളർ വരെ സ്വത്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.