ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുക, ഇഷ്ടമുള്ള ജോലി ചെയ്യുക തുടങ്ങി സ്വന്തം നാട്ടിൽ നിന്ന് ചെയ്യാൻ പേടിയുള്ള പലതും മിക്കവാറും ആളുകൾ പുറത്ത് പോയാൽ ചെയ്യുന്നതിന് പിന്നിലെ 'ഗുട്ടൻസ്' എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? കേരളത്തിൽ ആളുകൾ നിങ്ങളെ ഒരു പരിധിയിൽ കവിഞ്ഞ് വിലയിരുത്തും എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. കണ്ണൂരിൽ നിന്നും ബെംഗളൂരുവിലെത്തിയ ഒരു മലയാളിയുടെ റെഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കേരളം വിട്ട പലർക്കും മെട്രോ നഗരങ്ങളുമായുള്ള പ്രണയ-വിദ്വേഷ ബന്ധം ഈ 26കാരൻ പോസ്റ്റിൽ കൃത്യമായി പകർത്തിയിട്ടുണ്ട്.
നാല് വർഷത്തിലേറെയായി ബെംഗളൂരുവിൽ താമസിച്ച് വരികയാണ് ഈ കണ്ണൂർക്കാരൻ. ബെംഗളൂരുവിലെ കാലാവസ്ഥ മുതൽ വീട്ടിലെത്താനുള്ള ആഗ്രഹം വരെ പോസ്റ്റിൽ ഇയാൾ കൃത്യമായി കുറിച്ചുവെച്ചിട്ടുണ്ട്. "ഏറ്റവും ക്ലീഷേ ആയ കാലാവസ്ഥയിൽ നിന്ന് നമുക്ക് ആരംഭിക്കാം. പൊരി വെയിലായിരിക്കും നിങ്ങൾ വീട്ടിൽ നിന്നിറങ്ങുക. പിന്നെ ഒരു കൂറ്റൻ മഴ, ഭ്രാന്തമായ മഴ. നിങ്ങൾ ഒരു വിഡ്ഢിയെപ്പോലെ ഗതാഗതക്കുരുക്കിൽ നിൽക്കുകയാണ്, പൂർണമായും നനഞ്ഞിരിക്കും. എന്നിട്ടും, അടുത്ത നിമിഷം, നഗരത്തിലെ തണുത്ത കാറ്റിനെ മിസ് ചെയ്യാൻ തുടങ്ങും" അയാൾ എഴുതി.
തുടർന്ന് ബെംഗളൂരുവും കേരളവും തമ്മിലുള്ള സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചാണ് ഇയാൾ എഴുതുന്നത്. തന്റെ ജിമ്മിലുള്ള കൗമാരക്കാരുമായി ഇടപഴകിയപ്പോൾ മാത്രമാണ്, കേരളത്തിലെ ജീവിതം എത്രത്തോളം യാഥാസ്ഥിതികമാണെന്ന് മനസിലായതെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു. ബെംഗളൂരുവിലെ യുവതലമുറയുടെ ജീവിതം ധീരവും തുറന്നതുമാണെന്ന് ഇയാൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോളേജ് വിദ്യാർഥികൾക്ക് ഇവരുടെ 'റിസു'മായി പൊരുത്തപ്പെടാൻ പ്രയാസമായിരിക്കുമെന്നും 26കാരൻ എഴുതി.
എന്തായാലും കേരളത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുള്ള വിവരണമാണ് പോസ്റ്റിലെ ഏറ്റവും പ്രസക്തമായ ഭാഗം. കേരളത്തിലെത്തിയാൽ പിന്നെ അയൽക്കാരുടെയും ബന്ധുക്കളുടെയും വിമർശനവും ശകാരവുമാണെന്നും നാട്ടിലെത്തിയാൽ ബെംഗളൂരുവിൽ ഉണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാവുമെന്നും യുവാവ് പറയുന്നു. "ബെംഗളൂരുവിൽ താമസിക്കുമ്പോൾ വീട്ടിലേക്ക് പോകണമെന്ന് തോന്നും. കേരളത്തെ തൊടുന്ന നിമിഷം, ബെംഗളൂരുവിനെ ഭ്രാന്തമായി മിസ്സ് ചെയ്യും" പോസ്റ്റിൽ പറയുന്നു.
സ്വാതന്ത്ര്യവും മികച്ച കാലാവസ്ഥയുമാണ് തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന് പോസ്റ്റിന് താഴെ ഒരാൾ കമൻ്റ് ചെയ്തു. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഭൂരിഭാഗവും അവിടെ താമസിക്കുകയാണെന്ന് മറ്റൊരാൾ പറയുന്നു. ബെംഗളൂരുവിലെ ഗതാഗതവും ജീവിതച്ചെലവും വർദ്ധിച്ചുവരുന്നതായി പലരും അംഗീകരിച്ചപ്പോൾ, മറ്റുള്ളവർ നഗരം ഇപ്പോഴും സമാനതകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യവും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് സമ്മതിച്ചു.