SOCIAL

UTOPIA | ആ നാടകം എട്ടുനിലയില്‍ പൊട്ടി ഗുയ്‌സ്...

നാല് മുളക്കമ്പ് കുത്തിനാട്ടി, ടാര്‍പോളിനും കെട്ടി മൈക്ക് സെറ്റും വെച്ച് ഹലോ... വിളിക്കുന്നതാണോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടി?

Author : എസ്. ഷാനവാസ്

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഭരണകക്ഷിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടുക. തെറ്റൊന്നും പറയാന്‍ പറ്റില്ല. പക്ഷേ സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെങ്കിലോ? രാഷ്ട്രീയ, പ്രത്യയശാസ്ത്രങ്ങളില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലോ...? അതെങ്ങനെ നടക്കും എന്നാണോ ചിന്തിക്കുന്നത്. നടക്കും.. നടക്കുമെന്നല്ല. നടന്നു. അതും ഇങ്ങ് കേരളത്തില്‍. ഉട്ടോപ്യയിലേക്ക് സ്വാഗതം.

കേരളത്തിലെ 10,800 കോടി രൂപയുടെ വികസനപദ്ധതികള്‍. ദേശീയപാത വികസനത്തിൻ്റെ ആദ്യഘട്ട റീച്ചിൻ്റെ ഉദ്ഘാടനം. തെരഞ്ഞെടുപ്പു കാലമൊക്കെ അല്ലേ, ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി പറന്നെത്തി. അന്നൊരിക്കല്‍ വിഴിഞ്ഞത്ത് ഭാരത് മാതാ കീ ജയ് വിളിച്ച്, മൈക്ക് സെറ്റുകാര്‍ എത്തും മുന്‍പേ വേദിയിലെത്തിയ ജീ ഇല്ലേ...? കേന്ദ്രമന്ത്രി ടേണ്‍ഡ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ ജീ... ആ ദേഹം തന്നെയായിരുന്നു ഇവിടെയും മെയിന്‍. എന്തെങ്കിലും അസ്വാഭാവികത തോന്നിയോ? വരട്ടെ... പറയാം... കേരളം നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും 5500 കോടി രൂപ വിഹിതമായി നല്‍കുകയും ചെയ്ത പദ്ധതിയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ ഉണ്ടായിരുന്നില്ല. ഇപ്പോഴൊരു അസ്വാഭാവികത തോന്നുന്നുണ്ടോ? അതു തന്നെയാണ് കാര്യം. മുഖ്യമന്ത്രിയും മന്ത്രിയും ഇല്ലാത്ത ചടങ്ങിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇടം പിടിച്ചത്.

നാല് മുളക്കമ്പ് കുത്തിനാട്ടി, ടാര്‍പോളിനും കെട്ടി മൈക്ക് സെറ്റും വെച്ച് ഹലോ വിളിക്കുന്നതല്ല പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടി. അതിനൊരു പ്രോട്ടോക്കോളുണ്ട്, സംസ്ഥാന സർക്കാരുമായൊക്കെ ആലോചിക്കണം. ഇതിപ്പോള്‍, കേന്ദ്ര റോഡ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽനിന്ന് വിളിച്ച് അര മണിക്കൂര്‍ മുന്‍പേ പുറപ്പെടുമെന്ന് പറയുകയായിരുന്നു. പുറപ്പെട്ടോ ഇല്ലയോ എന്ന് തീര്‍പ്പില്ലാത്ത ഒരു അറിയിപ്പ്. ഔദ്യോഗികമായി പിന്നൊന്നും അറിയിച്ചതുമില്ല. ഒരു നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍, അവിടെയുള്ളവരോട് അറിയിക്കാതെ എങ്ങനെയാ എന്ന തോന്നലില്‍ നിന്നാവണം. തലേദിവസം മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിച്ചു. ഞങ്ങളിങ്ങനെ ഒരു പരിപാടി നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരായ എം.ബി രാജേഷും, കെ. കൃഷ്ണൻകുട്ടിയും വരണം. പൊതു മരാമത്ത് വകുപ്പ് മന്ത്രിയായ പി.എ. മുഹമ്മദ് റിയാസിനെ അവര്‍ മറന്നുപോയി. എന്നാല്‍ പിന്നെ ഞങ്ങളാരും ഇല്ലെന്ന് സര്‍ക്കാരും നിലപാടെടുത്തു. സംഭവം ചര്‍ച്ചയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചവരോടും ചിന്തിച്ചവര്‍ക്കും മികച്ച മറുപടിയുമായി ജീ എത്തി.

അതുവരെ ചര്‍ച്ച മാത്രമായിരുന്ന സംഭവം, ജീയുടെ മറുപടിയോടെ വിവാദമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മരുമകനെ വിളിക്കണമെന്ന് ജീയും സംഘവും അല്ലാതെ തലയ്ക്ക് വെളിവുള്ള ആരും പറയില്ല. കാരണം, കൊച്ചിയില്‍ നടത്തുന്നത് ആരുടെയും കല്യാണമോ അടിയന്തിരമോ അല്ലല്ലോ. ജീയ്ക്ക് മറുപടി പ്രധാനമന്ത്രി തന്നെ കൊടുത്തു. മന്ത്രി റിയാസിനെ വിളിക്കാതിരുന്നതിനുള്ള ജിയുടെ വാദങ്ങളെ ശിലാഫലകം കൊണ്ടാണ് പ്രധാനമന്ത്രി വെട്ടിയത്. പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ മഹനീയ സാന്നിധ്യം എന്ന് രേഖപ്പെടുത്തിയതിന് താഴെ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരുണ്ടായിരുന്നു. ഇതോടെ, കള്ളി വെളിച്ചത്തായി. ദേശീയപാത നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടി പൊടിച്ചു. കേന്ദ്രമോ, സംസ്ഥാന സര്‍ക്കാരോ? ആരുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി നടപ്പാക്കിയതെന്ന ചോദ്യം അന്തരീക്ഷത്തില്‍ പലയിടത്തായി മുഴങ്ങി.

ഇവിടെയാണ് നമ്മുടെ ബിജെപിയുടെ പഴേ അധ്യക്ഷന്റെ മിടുക്ക്. ദീര്‍ഘദര്‍ശിയായ ആ ജീ പണ്ടേ തന്നെ ഇതിനെല്ലാം മറുപടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍ ദേശീയപാതാ വികസനവും ഗെയ്ല്‍ വാതക പൈപ്പ്ലൈൻ പൂർത്തീകരണവുമായിരുന്നു. ഒരു പ്രവചനത്തിനും മുതിരാതെ, ഒരു കാര്യം പുള്ളി അന്നുതന്നെ തീര്‍ത്തുപറഞ്ഞിരുന്നു. ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെയെങ്കില്‍, പ്രധാനമന്ത്രിയും ജിയും പരിവാരങ്ങളെല്ലാം കൂടി ആഘോഷിച്ചത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമല്ലേ?

മന്ത്രി റിയാസ് വേദിയിലെത്തിയാല്‍ പൊതു മരാമത്ത് വകുപ്പ് ഇതുവരെ ചെയ്തതൊക്കെ അക്കമിട്ടു നിരത്തുമെന്ന കാര്യം ജീക്കും കൂട്ടര്‍ക്കും ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മന്ത്രിയെ നൈസായി ഒഴിവാക്കിയത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിച്ചതോടെ എല്ലാം തങ്ങള്‍ക്ക് അനുകൂലമായി എന്ന ആത്മവിശ്വാസത്തിന്റെ ബലൂണിന്റെ കാറ്റ് പോകുന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. കേരളത്തിലെ ഭരണപ്രതിപക്ഷ അംഗങ്ങളെല്ലാം ശക്തമായ ഭാഷയില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെ, പടക്കക്കട ഗുദാ ഹവാ എന്ന് പറഞ്ഞപോലെ, പ്രധാനമന്ത്രിയും ജീയും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പുകാല നാടകം എട്ടുനിലയില്‍ പൊട്ടി. വേദിയില്‍ ഇടം ലഭിക്കാതിരുന്ന മന്ത്രിയും സംഘവും സമാന്തര ഉദ്ഘാടന പരിപാടികളും റോഡ് ഷോകളും സംഘടിപ്പിച്ച് സംഭവം കളറാക്കി. ചുരുക്കത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പോലായി കാര്യങ്ങള്‍. എല്ലാം ഇദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെയും ഐശ്വര്യം.

SCROLL FOR NEXT