Source: News Malayalam 24x7
SOCIAL

ട്രാഫിക് നിയമലംഘകരെ പിടികൂടി 'മോട്ടു'; സമൂഹമാധ്യമങ്ങളിലും വൈറലായി കേരള മോട്ടോർ വാഹന വകുപ്പിൻ്റെ വേറിട്ട ബോധവത്കരണം

നിയമ ലംഘനം നടത്തുന്നവരെ തിരുത്തുകയും നിയമം അനുസരിച്ചവരിക്കുന്നവർക്ക് മധുരം നൽകുകയും ചെയ്യുന്ന മോട്ടു കുറഞ്ഞ സമയം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുകയാണ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ന​ഗരത്തിൽ ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടുന്ന മോട്ടു എന്ന ആനക്കുട്ടി ഇപ്പോൾ സമൂഹമാധ്യമങ്ങളിലും താരമാകുകയാണ്. നിയമ ലംഘനം നടത്തുന്നവരെ തിരുത്തുകയും നിയമം അനുസരിച്ചവരിക്കുന്നവർക്ക് മധുരം നൽകുകയും ചെയ്യുന്ന മോട്ടു കുറഞ്ഞ സമയം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുകയാണ്.

കേരള മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ട്രാഫിക് സി​ഗ്നലിൽ മോട്ടു നിയമലംഘകരെ കാത്ത് കാത്തുനിൽക്കുകയും ലൈൻ മറികടന്ന് വാഹനം നിർത്തിയവരെ കയ്യോടെ പിടികൂടുകയും ചെയ്യും. മോട്ടുവിനെ കണ്ട് പലരും വാഹ​നം കൃത്യമായി നി‍ർത്തും, മറ്റ് ചിലർ കാര്യമാക്കാതെ ലൈൻ മറികടക്കും. എന്നാൽ, നിയമം പാലിക്കാത്തവരെ തൻ്റെ ഗദ കൊണ്ട് തട്ടിയും നിയമം പാലിച്ചവർക്ക് സമ്മാനം നൽകിയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുള്ള ബോധവത്കരണം നൽകുകയാണ് മോട്ടു.

ഒരു മാസത്തോളം തിരുവനന്തപുരം ന​ഗരത്തിൻ്റെ വിവിധയിടങ്ങളിൽ ട്രാഫിക് നിയമലംഘകരെ പിടികൂടാനാൻ മോട്ടുവുണ്ടാകും. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ രസകരവും കാര്യക്ഷമവും ആക്കുന്നതിന് മോട്ടുവിൻ്റെ സാന്നിധ്യം പ്രയോജനപ്രദമാകുമെന്നാണ് അധികൃതർ കരുതുന്നത്. ഒരു കാർട്ടൂൺ കഥാപാത്രത്തിൻ്റെ രൂപഭാവങ്ങളോടെ സ്‌കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പെടെ റോഡ് സുരക്ഷാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മോട്ടുവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മോട്ടുവിന്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവർത്തിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

ഇതിനകം തന്നെ മികച്ച പ്രതികരണമാണ് മോട്ടുവിന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്നത്. കേരളത്തിൽ ഇനിയും മോട്ടു വേണമെന്ന് ഒരാൾ സമൂഹമാധ്യമത്തിൽ വീഡിയോക്ക് താഴെ കമൻ്റ് ചെയ്തു. ഈ സംഭവം കൊള്ളാമെന്നും, ഇത് നൂതനമായ ആശയമാണെന്നും മറ്റ് ചിലർ കമൻ്റ് ചെയ്തു.

SCROLL FOR NEXT