SOCIAL

UTOPIA | "അത് ഞങ്ങളുടെ പിസ അല്ല സര്‍"; പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന് കിട്ടിയ എട്ടിന്റെ പണി

"ഒരു റിബൺ കട്ട്, പിന്നാലെ ഒരു വിശദീകരണക്കുറിപ്പ് - ഇതൊരു റെക്കോർഡാകും"

Author : എസ്. ഷാനവാസ്

ഖവാജ ആസിഫ്. പ്രതിരോധ മന്ത്രി ആയതിനാലാണോ എന്നറിയില്ല, എപ്പോഴും എയറില്‍ കറങ്ങാനാണ് മൂപ്പിലാന് ഇഷ്ടം. ഓര്‍ക്കുന്നില്ലേ, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ മറുപടിയില്‍ കിളി പറന്ന് ഖവാജ പാക് അസംബ്ലിയില്‍ നടത്തിയ വീരവാദം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പാക് സൈബര്‍ യോദ്ധാക്കള്‍ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്നായിരുന്നു കൈകള്‍ പിന്നില്‍ കെട്ടി, നെഞ്ചുവിരിച്ച് ഖവാജ അന്ന് തള്ളിമറിച്ചത്. സൈബര്‍ എന്ന് പറഞ്ഞാല്‍, പാകിസ്ഥാനില്‍ മറ്റെന്തോ ആയിരിക്കണം എന്നായിരുന്നു നെറ്റിസണ്‍സ് അന്നുതന്നെ സംശയം പ്രകടിപ്പിച്ചത്. എന്നാല്‍, അതൊന്നുമല്ല, ഇത്തരം തിരുമണ്ടത്തരങ്ങള്‍ വിളമ്പുന്നത് ഖവാജയുടെ ശീലം ആണെന്നായിരുന്നു വലിയൊരു പക്ഷത്തിന്റെ വാദം. വാദപ്രതിവാദത്തിനൊടുവില്‍, രണ്ടാം പക്ഷക്കാര്‍ ജയിച്ചു. അവരെ വീണ്ടും വീണ്ടും ജയിപ്പിക്കാന്‍ ഖവാജ ഇടക്കിടെ ഓരോന്നും ചെയ്യുന്നുമുണ്ട്. സിയാല്‍ക്കോട്ടിലെ 'പിസ ഹട്ട്' ഉദ്ഘാടനമാണ് ഏറ്റവും പുതിയ ഐറ്റം.

ചുവന്ന റോസാപുഷ്പങ്ങള്‍, കറുപ്പും ചുവപ്പും ബലൂണുകള്‍ എന്നിങ്ങനെ അലങ്കാരം, ചുവപ്പ് പരവതാനി... ആകെ മൊത്തം കളര്‍ഫുള്‍ സെറ്റപ്പില്‍ സ്റ്റൈലിഷായി ഖവാജ നടന്നുവരുന്നു. ചുവന്ന റിബണ്‍ മുറിച്ച് ഉദ്ഘാടനം, ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തി ചുറ്റും മാധ്യമങ്ങള്‍. അകത്തുകടന്ന ഖവാജ വിഭവങ്ങള്‍ നോക്കുന്നു, സ്ഥാപന ഉടമകളോട് സംസാരിക്കുന്നു... അവിടെ വരെ കാര്യങ്ങള്‍ ഓകെയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഖവാജ വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു. അങ്ങനെയൊരു ഔട്ട്‌ലെറ്റ് ഞങ്ങള്‍ക്കില്ലെന്ന് അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഭക്ഷ്യശൃംഖലയായ പിസ ഹട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കി.

"സിയാല്‍ക്കോട്ട് കന്റോൺമെന്റിൽ പിസ ഹട്ട് എന്ന പേരും ബ്രാൻഡിങ്ങും വ്യാജമായി ഉപയോഗിച്ച് ഒരു അനധികൃത ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന് പിസ ഹട്ട് പാകിസ്ഥാനുമായോ, യം ബ്രാന്‍ഡുമായോ യാതൊരു ബന്ധവുമില്ല. സ്ഥാപനം പിസ ഹട്ട് ഇന്റര്‍നാഷണലിന്റെ റെസിപ്പിയോ, ക്വാളിറ്റി പ്രോട്ടോക്കോളോ, ഫുഡ് സേഫ്റ്റിയോ, പ്രവര്‍ത്തന മാനദണ്ഡമോ പാലിക്കുന്നില്ല. ട്രേഡ് മാര്‍ക്ക് ദുരുപയോഗം തടയാൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പാകിസ്ഥാനില്‍ 16 സ്റ്റോറുകളുണ്ട്. 14 എണ്ണം ലാഹോറിലാണ്, രണ്ടെണ്ണം ഇസ്ലമാബാദിലും. പിസ ഹട്ട് പാകിസ്ഥാന്റെ വെബ്സൈറ്റില്‍ ഔട്ട്‌ലെറ്റുകളുടെ ലൊക്കേഷന്‍ അറിയാനാവും" -പിസ ഹട്ട് പാകിസ്ഥാന്‍ വ്യക്തത വരുത്തി.

എന്തായാലും സിയാല്‍ക്കോട്ട് പിസ ഹട്ടും, ഖവാജയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുവന്ന മേല്‍ക്കൂരയും പിസ ഹട്ടിന്റെ പതിവ് ബ്രാന്‍ഡിങ്ങുമൊക്കെയായാണ് ഔട്ട്ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാഴ്ചയില്‍ പിസ ഹട്ട് തന്നെ. പക്ഷേ, ഉദ്ഘാടനത്തിനു മുമ്പ് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതായിരുന്നു എന്നാണ് നെറ്റിസണ്‍സ് പൊതുവില്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി തന്നെ വ്യാജ സ്റ്റോറിന് ഉദ്ഘാടകനായതിനെ ട്രോളുന്നവരും ഏറെയാണ്. "ഒരു റിബൺ കട്ട്, പിന്നാലെ ഒരു വിശദീകരണക്കുറിപ്പ് - ഇതൊരു റെക്കോർഡാകും" -എന്നായിരുന്നു എക്സില്‍ ഒരാളുടെ രസികന്‍ പ്രതികരണം. ഇത് നമ്മുടെ സ്ലൈസ് അല്ല എന്ന് പിസ ഹട്ട് അപ്പോള്‍ തന്നെ പറഞ്ഞു, കഥ തീര്‍ന്നു -എന്നാണ് മറ്റൊരാളുടെ കമന്റ്. "പാകിസ്ഥാനിൽ മാത്രമേ ഒരു പ്രതിരോധമന്ത്രി അഭിമാനത്തോടെ വ്യാജ പിസ ഹട്ട് ഉദ്ഘാടനം ചെയ്യൂ" എന്നായിരുന്നു മറ്റൊരു കുറിപ്പ്. "ഈ പ്രവിശ്യയില്‍ ഒറിജിനലായി എന്തെങ്കിലും ബാക്കിയുണ്ടോ? യാതൊരു ഉപകാരവുമില്ലാത്തവരുമാണ് നമ്മെ ഭരിക്കുന്നത്" എന്ന കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

SCROLL FOR NEXT