"ഐപിഎല്ലിനിടെ ഫ്ലഡ് ലൈറ്റുകള്‍ ഹാക്ക് ചെയ്തത് ഞങ്ങടെ പിള്ളേരാ... "; ഈ ധൈര്യത്തിനു മുന്നില്‍ ചാള്‍സ് ശോഭരാജ് തോറ്റുപോകും!

ഇന്ത്യ തൊടുത്ത മിസൈലുകളുടെ മൂളക്കം കേട്ട് കിളി പാറിയിരുന്നവരാണ് ഇപ്പോള്‍ നാഷണല്‍ അസംബ്ലിയില്‍ നെഞ്ചും വിരിച്ചുനിന്ന് ഇല്ലാക്കഥ പറഞ്ഞ് അഭിമാനം കൊള്ളുന്നത്.
Pakistan Defence Minister Khawaja Asif
പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്Source: Deccan Herald
Published on

പഹല്‍ഗാമിലെ ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി കൊടുത്തിട്ടും പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴും കാര്യങ്ങള്‍ അത്രയ്ക്കങ്ങ് ബോധിച്ചിട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ച് സ്വയം അപഹാസ്യരായി മാറുമോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഫ്ലഡ് ലൈറ്റുകള്‍ ഹാക്ക് ചെയ്തതോടെ, മത്സരം മുടങ്ങിയെന്നാണ് പ്രതിരോധമന്ത്രി ഖവാജ ആസിഫ് പാക് അസംബ്ലിയില്‍ നെഞ്ചും വിരിച്ചുനിന്ന് വിവരിച്ചത്. തീര്‍ന്നില്ല, അതൊക്കെ നമ്മുടെ പിള്ളേരുടെ പണിയാണെന്നും, സൈബര്‍‌ ആക്രമണം ഇന്ത്യക്ക് മനസിലായില്ലെന്നും കൂടി വെച്ചുകാച്ചി ഖവാജ ആസിഫ്. ഇന്ത്യ തൊടുത്ത മിസൈലുകളുടെ മൂളക്കം കേട്ട് കിളി പാറിയിരുന്നവരാണ് ഇപ്പോള്‍ നാഷണല്‍ അസംബ്ലിയില്‍ എത്തി ഇല്ലാക്കഥ പറഞ്ഞ് അഭിമാനം കൊള്ളുന്നത്.

"ഐപിഎല്‍ മത്സരത്തിനിടെ പാക് സൈബര്‍ യോദ്ധാക്കള്‍ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകള്‍ ഓഫ് ചെയ്തു. ഇതെല്ലാം പാകിസ്ഥാന്റെ തദ്ദേശീയ സാങ്കേതികവിദ്യയായിരുന്നു എന്ന് ഇന്ത്യക്ക് മനസിലായില്ല. നമ്മുടെ സൈബര്‍ യോദ്ധാക്കള്‍ ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിട്ടു, ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു. വെളിച്ചമില്ലാതെയായതോടെ, ഐപിഎല്‍ മത്സരം നിര്‍ത്തിവെച്ചു. ഡാമുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടു. അവരുടെ വൈദ്യുതി ഗ്രിഡ് അടച്ചുപൂട്ടി. ഈ ആക്രമണങ്ങളെല്ലാം, നമ്മുടെ കുട്ടികള്‍, നമ്മുടെ സൈബര്‍ യോദ്ധാക്കളാണ് നടത്തിയത്" -ഇതായിരുന്നു ഖവാജ ആസിഫിന്റെ അവകാശവാദം. ഇതിനുമപ്പുറം എന്തെങ്കിലും പറഞ്ഞോയെന്ന് അറിയില്ല. 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് മാത്രമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

മെയ് എട്ടിന് ധര്‍മശാലയിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം റദ്ദാക്കിയത് പരാമര്‍ശിച്ചാകണം പാക് മന്ത്രിയുടെ വാക്കുകള്‍. ഇന്ത്യ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ കടുത്ത സുരക്ഷയിലായിരുന്നു മത്സരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈദ്യതി തടസപ്പെട്ടതോടെയാണ് മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചത്. മാത്രമല്ല, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി, പാക് അധിനിവേശ കശ്മീരിലും, പാകിസ്ഥാനിലും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടികള്‍ തുടങ്ങിയതിന്റെ പിറ്റേ ദിവസമായിരുന്നു ഈ മത്സരം. ഇന്ത്യയുടെ മിന്നല്‍ പ്രത്യാക്രമണത്തില്‍ ഞെട്ടിത്തരിച്ച്, എന്ത് ചെയ്യണമെന്നറിയാതെ നാലുപാടും ചിതറിയതിനിടെ എപ്പോഴാണ് നമ്മുടെ സൈബര്‍ യോദ്ധാക്കള്‍ ഇത്തരമൊരു ആക്രമണം നടത്തിയതെന്ന് നാഷണല്‍ അസംബ്ലിയില്‍ ആരും ചോദിക്കില്ല എന്നൊരു ധൈര്യമാകണം, ഖവാജയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

Pakistan Defence Minister Khawaja Asif
ഓപ്പറേഷന്‍ സിന്ദൂറിനെതിരെ 'ബുന്‍യാനു മര്‍സൂസ്': ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്ഥാന്‍, വ്യാജവാര്‍ത്തകള്‍ക്കും കുറവില്ല !

പക്ഷേ, വീഡിയോ എക്സില്‍ ക്ലിക്കായതോടെ ഖവാജ ആസിഫ് എയറിലാണ്. പാകിസ്ഥാനില്‍ സൈബര്‍ എന്ന് പറഞ്ഞാല്‍ മറ്റെന്തൊക്കെയോ ആണെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. സൈബര്‍ എന്ന വാക്കിന് മറ്റു പല ആശയങ്ങളും, സിലബസും തന്നെയുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അവരുടെ കുറ്റസമ്മതം. സ്റ്റേഡിയത്തില്‍ ഉപയോഗിക്കുന്ന ഫ്ലഡ് ലൈറ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ചിലര്‍ വിവരിക്കുന്നുണ്ട്. 'ഐപിഎല്‍ ഫ്ലഡ് ലൈറ്റുകള്‍ വൈഫൈയില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവയെല്ലാം ഇലക്ട്രിക്കല്‍ സിസ്റ്റങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഹോം ടൂട്ടര്‍പോലെ അവ ഹാക്ക് ചെയ്യാന്‍ കഴിയില്ല. ലൈറ്റുകള്‍ ഓഫ് ചെയ്തതിനെ സൈബര്‍ ആക്രമണം എന്ന് അവകാശപ്പെടുന്നതില്‍ നിന്ന് ഒരു കാര്യം വ്യക്തം. നിങ്ങള്‍ സയന്‍സ് ക്ലാസില്‍ പോയിട്ടില്ല' എന്ന് വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് ചിലര്‍. 'ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് സൈബര്‍ ആക്രമണത്തിലെ വിജയമാണെങ്കില്‍, എന്റെ മൂന്ന് വയസുള്ള അനന്തരവന്‍ ഒരു ആഗോള ഭീഷണിയാണ്. അവനൊരിക്കല്‍ സൂം മീറ്റിങ്ങിനിടെ വൈ ഫൈ ഓഫാക്കി കളഞ്ഞു' -എന്നൊരു മറുപടിയും എക്സില്‍ കാണുന്നുണ്ട്.

ആദ്യം ഭയന്നു വിറച്ചു, പിന്നെ തോറ്റു തുന്നം പാടി. കഷ്ടവും നഷ്ടവുമൊക്കെ ഏറെ സഹിച്ചു. ഇതിന്റെയൊക്കെ അരിശം തീര്‍ക്കാന്‍ ഇനി എന്തു ചെയ്യും? നാഷണല്‍ അസംബ്ലിയില്‍ എഴുന്നേറ്റു നിന്ന്, നെഞ്ചുവിരിച്ചുംകൊണ്ട് യാതൊരു ലോജിക്കും അടിസ്ഥാനവുമില്ലാത്ത ഇത്തരം വീരവാദങ്ങള്‍ ആഴ്ചയില്‍ മൂന്ന് എന്ന നിലയില്‍ പറയും.

യഥാര്‍ഥത്തില്‍ ഇതൊക്കെ പാകിസ്ഥാന്റെ കോമഡി ഐറ്റമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്കെതിരെ നടപടിയെടുത്തെന്നും ചിലരെ പുറത്താക്കിയെന്നും പറഞ്ഞു പ്രചരിപ്പിച്ചവരാണ് പാക് മാധ്യമങ്ങള്‍. പാകിസ്ഥാനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്ന ജനറല്‍ റാണയെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനിയിലേക്ക് നാടുകടത്തി എന്നും പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍, ആൻഡമാൻ നിക്കോബാർ കമാന്‍ഡില്‍ കമാന്‍ഡര്‍ ഇന്‍ ചീഫായി ജനറല്‍ റാണയ്ക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഇന്ത്യന്‍ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടു, അതിര്‍ത്തി കടന്നും പാക് സൈന്യം ആക്രമണം നടത്തി, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, ബ്രഹ്മോസ് മിസൈല്‍ സംഭരണ കേന്ദ്രം, വ്യോമ പ്രതിരോധ സംവിധാനം, പത്താന്‍കോട്ടും ഉദ്ധംപൂരിലുമുള്ള വ്യോമതാവളങ്ങള്‍, രജൗരിയിലെ മിലിറ്ററി ഇന്റലിജന്‍സ് പരിശീലന കേന്ദ്രം എന്നിവ തകര്‍ത്തു എന്നു തുടങ്ങി സൈബര്‍ ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ ഇലക്ട്രിസിറ്റി ഗ്രിഡിന്റെ 70 ശതമാനം പ്രവര്‍ത്തനരഹിതമാക്കി, പ്രധാന നഗരങ്ങളിലെ വൈദ്യുതി ബന്ധം തടസപ്പെടുത്തി എന്നും പാക് ഡ്രോണുകള്‍ ഡല്‍ഹിയില്‍ വരെ പറന്നെത്തിയെന്നും വരെ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പാക് സമൂഹമാധ്യമങ്ങള്‍ അതേറ്റുപാടി.

Pakistan Defence Minister Khawaja Asif
ഇന്ത്യന്‍ സൈന്യത്തിനെതിരെ ഇല്ലാക്കഥയുമായി പാക് മാധ്യമങ്ങള്‍; സമൂഹമാധ്യമങ്ങളില്‍ നിറയെ വ്യാജ വാര്‍ത്തകള്‍

സംഘര്‍ഷനാളില്‍ പാകിസ്ഥാന്‍ തുടക്കമിട്ട ഈ പരിപാടി ഇന്ത്യ തെളിവ് സഹിതം പൊളിച്ചടുക്കിയിരുന്നു. എന്നിട്ടും പാക് നേതാക്കള്‍ ഇക്കാര്യം പലയിടത്തും ആവര്‍ത്തിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പേടിച്ച് മാളത്തില്‍ ഒളിച്ചപ്പോള്‍ മാത്രമാണ് ആ നിലയത്തില്‍ നിന്നുള്ള സംപ്രേഷണം മുടങ്ങിയത്. ഇന്ത്യ ആക്രമണം അവസാനിപ്പിക്കുകയും, പാക് നാഷണല്‍ അസംബ്ലിയില്‍ പേടി കൂടാതെ എഴുന്നേറ്റ് നില്‍ക്കാമെന്നും ആയപ്പോഴാണ് പാക് നേതാക്കള്‍ വീരവാദവുമായി വീണ്ടും രംഗത്തെത്തയിരിക്കുന്നത്. കുഞ്ചന്‍ നമ്പ്യാര്‍ പാടിയ തുള്ളല്‍വരികളാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്.

നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല

ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു

കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു

ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു

ചിരവയെടുത്തഥ തീയിലെറിഞ്ഞു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു

അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയ്ക്കു ചുറ്റും മണ്ടി നടന്നു.

കുഞ്ചന്‍ നമ്പ്യാര്‍ പാടിയതിനപ്പുറമാണ് പാക് നാഷണല്‍ അസംബ്ലിയിലെ കാര്യങ്ങള്‍. ആദ്യം ഭയന്നു വിറച്ചു, പിന്നെ തോറ്റു തുന്നം പാടി. കഷ്ടവും നഷ്ടവുമൊക്കെ ഏറെ സഹിച്ചു. ഇതിന്റെയൊക്കെ അരിശം തീര്‍ക്കാന്‍ ഇനി എന്തു ചെയ്യും? നാഷണല്‍ അസംബ്ലിയില്‍ എഴുന്നേറ്റു നിന്ന്, നെഞ്ചുവിരിച്ചുംകൊണ്ട് യാതൊരു ലോജിക്കും അടിസ്ഥാനവുമില്ലാത്ത ഇത്തരം വീരവാദങ്ങള്‍ ആഴ്ചയില്‍ മൂന്ന് എന്ന നിലയില്‍ പറയും. ഇന്ത്യക്കെതിരെയല്ലേ, ആരും എതിര്‍ക്കില്ല. എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും. മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കും. സമൂഹമാധ്യമങ്ങളില്‍ അത് നിറഞ്ഞുപരക്കും. ഹോ... 'ചാള്‍സ് ശോഭരാജിന് പോലും കാണില്ല ഇത്രയ്ക്ക് ധൈര്യം'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com