SOCIAL

"കടുത്ത വിയോജിപ്പോടെ അതിദാരിദ്ര്യ വിദഗ്ധര്‍ക്ക്, ചാനല്‍ ചര്‍ച്ചക്കുള്ള കണ്ടന്റ് മാത്രമാണ് നിങ്ങള്‍ക്ക് വിശപ്പ്"; അനുഭവം പങ്കുവച്ച് കെ.എസ്. രതീഷ്

''എന്റെ നോട്ടവും പാത്രത്തിന്റെ വക്കിലെ ഈച്ചയും തമ്മിലായി അവകാശത്തര്‍ക്കം. ഒരു തവണ കൂടെ ബെല്ലടിച്ചു. ദോശമടക്കി വായില്‍ത്തിരുകി ഇറങ്ങിപ്പോന്നു''

Author : ന്യൂസ് ഡെസ്ക്

കേരളം അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്നതില്‍ ചോദ്യങ്ങളുമായി സര്‍ക്കാരിന് തുറന്ന കത്തയച്ച സാമ്പത്തിക സമൂഹ്യ വിദഗ്ധര്‍ക്കെതിരെ വിമര്‍ശനവുമായി അധ്യാപകനും എഴുത്തുകാരനുമായി കെ.എസ്. രതീഷ്. ഇപ്പോഴും വിശപ്പുണ്ടോ പട്ടിണിയുണ്ടോ? അത് തീര്‍ത്തോ? ഇനി ആരുമില്ലേ? എങ്ങനെ കണ്ടെത്തി? എന്നൊക്കെയാണ് തുറന്ന കത്ത്. എന്നാല്‍ തന്റെ അനുഭവം കൂടി പറഞ്ഞുതരാം എന്ന് വ്യക്തമാക്കിയാണ് കെഎസ് രതീഷിന്റെ പോസ്റ്റ്. കടുത്ത വിയോജിപ്പോടെ അതിദാരിദ്ര്യ വിദഗ്ധര്‍ക്ക് എന്ന തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിട്ട അനുഭവം കൂടി ഉള്‍ച്ചേര്‍ത്താണ് കെ.എസ്. രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലി ചെയ്യവെ താന്‍ നേരിട്ട വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും അനുഭവങ്ങളാണ് കെഎസ് രതീഷ് പങ്കുവയ്ക്കുന്നത്. ഫുഡ് വ്‌ളോഗിന് ലൈക്കടിച്ച് ലൊക്കേഷന്‍ തിരയുന്ന നിങ്ങള്‍ക്ക് വിശപ്പെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചക്കുള്ള കണ്ടന്റ് മാത്രമാണെന്നും വിദഗ്ധരുടെ കത്തിലെ ഉള്ളടക്കത്തെ വിമര്‍ശിച്ച് രതീഷ് പറയുന്നു. വിശപ്പിനോട് സൂക്ഷ്മ തലത്തില്‍ പോരാടുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നും കുറിപ്പില്‍ പങ്കുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കടുത്ത വിയോജിപ്പോടെ അതിദാരിദ്ര്യ വിദഗ്ധര്‍ക്ക്,

ഇപ്പോഴും വിശപ്പുണ്ടോ പട്ടിണിയുണ്ടോ? അത് തീര്‍ത്തോ? ഇനി ആരുമില്ലേ? എങ്ങനെ കണ്ടെത്തി? എന്നൊക്കെയാണ് നിങ്ങളുടെ തുറന്ന കത്ത്. എന്റെ അനുഭവം പറഞ്ഞുതരാം. അനാഥാലയത്തില്‍ നിന്നും പുറത്തായി, ഡിഗ്രിയും പൂര്‍ത്തിയാക്കി ബി.എഡിന് ചേരാനുള്ള തുക ഒപ്പിക്കാന്‍ ഞാന്‍ കൊല്ലത്തെ ബ്രിട്ടീഷ് മാര്‍ക്കറ്റിംഗ് കമ്പനിയില്‍(BBL) ചേര്‍ന്നു.

സംഭവം തികഞ്ഞ പറ്റിപ്പ് തന്നെയാണ് വയര്‍ കുറയ്ക്കുന്ന ബെല്‍റ്റ്, മസാജിങ് കോമ്പ്, ബാറ്ററിയിടുന്ന ഗ്യാസ് ലൈറ്റര്‍, ടൈമര്‍ എന്നൊരിനം വാച്ച്. വണ്ടിക്കൂലി മാത്രം പോക്കറ്റിലിട്ട് ഒട്ടകത്തിന്റെ മുഴ കണക്കെ ഒരു വലിയ ബാഗും തൂക്കി ആദ്യം കിട്ടുന്ന ബസില്‍ ഏതെങ്കിലും ഒരു സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങും. പിന്നെ വീടുകള്‍ മുഴുവന്‍ കയറിയിറങ്ങലാണ്. ഗേറ്റില്‍ തന്നെ ഒഴിവാക്കി വിടുന്നവരാണ് കൂടുതല്‍ മുന്‍പ് വാങ്ങിയതിന്റെ ചീത്തവിളി, ഭീഷണി, കഴുത്തിന് കുത്തിപ്പിടിക്കല്‍ അതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല 'ക്‌ളോസ് ദി നെഗറ്റീവ് റീച്ച് ദി പോസിറ്റീവ് സ്‌ക്രൂ ദി ഹെഡ് റീഹാഷ് 'ഇങ്ങനെ ഉള്ളില്‍ പറഞ്ഞ് തികട്ടിവന്ന കരച്ചിലിനെ തുപ്പിക്കളഞ്ഞ് ചുണ്ടില്‍ ഒരു ചിരി വരുത്തി അടുത്ത വീട്ടില്‍ ചെന്ന് കയറും...

ആ തിങ്കള്‍ ഞാന്‍ ചെന്ന് കയറിയത് കുണ്ടറയിലെ പൂട്ടിപ്പോയ അലിന്റ് കമ്പനിയിലെ കോര്‍ട്ടേഴ്‌സിലാണ്. രാവിലെ സ്റ്റോക്ക് ചെയ്യുന്ന കമ്പനിയുടെ മുന്നിലെ തട്ടുകടയില്‍ നിന്നൊരു കട്ടനാണ് പതിവ്. വിറ്റുകിട്ടുന്ന തുകയുടെ വലിപ്പത്തിനൊത്ത് ഒരു ഊണ്. നാല് മണിയായിട്ടും ഒന്നും വിറ്റില്ല. പൈപ്പ് വെള്ളത്തിന് ഒരാളെ അയാളുടെ മുതുകിലുള്ള പത്തുമുപ്പത് കിലോയുള്ള ബാഗിനെ കൊണ്ടുനടക്കുന്നതിന് പരിധിയുണ്ടല്ലോ...

ആ കോര്‍ട്ടേഴ്‌സില്‍ നാലഞ്ച് തവണ ബെല്ലടിച്ചു. ഉള്ളില്‍ ബെല്ല് മുഴങ്ങുന്നതിന്റെയോ ആളനക്കമോ കേള്‍ക്കുന്നില്ല. കൈവരിയിലെ പാത്രത്തില്‍ ചമ്മന്തി നനവുള്ള ഒന്നും പകുതിയും ദോശ. എന്റെ നോട്ടവും പാത്രത്തിന്റെ വക്കിലെ ഈച്ചയും തമ്മിലായി അവകാശത്തര്‍ക്കം. ഒരു തവണ കൂടെ ബെല്ലടിച്ചു. ദോശമടക്കി വായില്‍ത്തിരുകി ഇറങ്ങിപ്പോന്നു. ചുവരില്‍ പാത്രത്തിലെ എച്ചില്‍ തട്ടിയുള്ള ആ സ്ത്രീയുടെ ദയനീയ നോട്ടം ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. രാത്രി വിറ്റ ഒരു ഗ്യാസ് ലൈറ്ററിന്റെ തുകയ്ക്ക് രണ്ട് പൊറോട്ടയും ചാറും തിന്ന് ഞങ്ങളുടെ കൂടാരത്തില്‍ ഞാനും ചെന്നു. അലിന്റിന്റെ കോര്‍ട്ടേഴ്സ് എന്ന് കേട്ടപ്പോത്തന്നെ എന്നിലും ഗതികെട്ടവന്‍മാര്‍ ചിരി തുടങ്ങി.

എടാ ആ കമ്പനി പൂട്ടി. വിഷം വാങ്ങിത്തിന്നാന്‍ പോലും കാശില്ലാത്ത അങ്ങോട്ട് ആരെങ്കിലും പോവുമോ? ബെല്ലടിച്ചിട്ട് ശബ്ദം വരാത്തതൊക്കെ എനിക്ക് തെളിഞ്ഞുവന്നു. എന്റെ സാറേ നിങ്ങളുടെ വീട്ടിലും എന്റെ ഭൂതകാല പതിപ്പുകള്‍ വരുന്നുണ്ടാകും. അവരില്‍ നിന്ന് നിങ്ങള്‍ എന്തെങ്കിലും വാങ്ങിയോ എന്നും എനിക്കറിയില്ല... നിങ്ങള്‍ എന്തെങ്കിലും കഴിച്ചോന്ന് ചോദിച്ചുനോക്കു. അവര്‍ ചിലപ്പോള്‍ ചിരിക്കും നിറഞ്ഞ കണ്ണോടെ വേണ്ടെന്ന് പറയും. ഞാനായിരുന്നെങ്കില്‍ എന്തെങ്കിലും വാങ്ങി തിന്നിട്ടേ പോരൂ.

നിങ്ങളെഴുതിയ തുറന്ന കത്തിന്റെ ദുരന്തം ആ നേരം മാത്രമേ തിരിച്ചറിയൂ... ഫുഡ് വ്‌ളോഗിന് ലൈക്കടിച്ച് ലൊക്കേഷന്‍ തിരയുന്ന നിങ്ങള്‍ക്ക് വിശപ്പെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചക്കുള്ള കണ്ടന്റ് മാത്രമാണ് സാര്‍. വിശപ്പിനോട് സൂക്ഷ്മ തലത്തില്‍ പോരാടുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍...

SCROLL FOR NEXT